
ഒരു കാലത്ത് മലയാളം, തമിഴ് ചിത്രങ്ങളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് ഐശ്വര്യ എന്ന ഐശ്വര്യ ഭാസ്കർ. മോഹൻലാലിന്റെ നായികയായി ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ സിനിമകളിൽ ഐശ്വര്യ തിളങ്ങിയിരുന്നു. ജാക്ക്‌പോട്ട്, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, നോട്ട് ബുക്ക് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. സീരിയലുകളിലും താരം സജീവമായിരുന്നു. എന്നാൽ ഈയിടെ സിനിമയിലും സീരിയലുകളിലും താരത്തെ കാണാനില്ല. അതിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഐശ്വര്യ തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.
തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും ഐശ്വര്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. സിനിമകൾ ചെയ്യാൻ താത്‌പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു.
'ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തിൽ ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും' എന്നാണ് നടി പറഞ്ഞത്.
പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. 1994ലാണ് തൻവീർ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം.
എന്നാൽ മൂന്ന് വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 'വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ് ആയപ്പോഴേക്കും പിരിഞ്ഞു. മുൻഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ഐശ്വര്യ പറയുന്നു.
'മദ്യപാനത്തിലോ അല്ലെങ്കിൽ എനിക്കു വേണ്ടിയോ ചെലവഴിച്ചല്ല എന്റെ കാശ് പോയത്. ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയർ ഗ്രാഫ് മൂന്നു വർഷമാണ്, ഞാൻ തുടങ്ങി മൂന്നുവർഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാൻ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹിറോയിൻ ആവാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ. എനിക്കെന്റെ മകൾക്ക് ഏറ്റവും നല്ല കാര്യങ്ങൾ നൽകണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്, പിന്നെ ഈ സോപ്പ് വിൽപ്പനയും. മകൾക്ക് താൻ വളരെ ഇൻഡിപെൻഡന്റായി ജീവിക്കുന്നതിൽ തന്നെയോർത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.