
ന്യൂഡൽഹി: റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായ ഹണ്ടർ 350 ആഗസ്റ്റ് ആദ്യവാരത്തോടെ വിപണിയിലെത്തുമെന്ന് സൂചന. പുതിയ ക്ളാസിക്ക് 350, മെറ്റിയോർ 350 എന്നീ മോഡലുകളുടെ പ്ളാറ്റ്ഫോമായ 'ജെ' തന്നെയാണ് ഹണ്ടർ 350യിലും ഉപയോഗിച്ചിട്ടുള്ളത്. ജെ പ്ളാറ്റ്ഫോമിൽ ഉൾപ്പെടുന്ന മോഡലുകളിൽ ഉപയോഗിക്കുന്ന ജെ സിരീസ് എൻജിൻ തന്നെയാകും ഹണ്ടറിനും കരുത്ത് പകരുന്നത്. 349 സിസി സിംഗിൾ സിലിണ്ടർ എൻജിന് 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
ഡിസൈനിലും മറ്റ് ബുള്ളറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്ഥമായ ലുക്കിലായിരിക്കും ഹണ്ടർ എത്തുക. 1960കളിൽ നിരത്തുകളെ അടക്കി ഭരിച്ചിരുന്ന റോയൽ എൻഫീൽഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്ത ക്ളാസിക്ക് 350യെക്കാൾ സമകാലിക വാഹനങ്ങളുടെ ഡിസൈനിനോട് സാദൃശ്യമുള്ളതായിരിക്കും ഹണ്ടർ. എങ്കിലും എൻഫീൽഡിന്റെ റെട്രോ ലുക്ക് നിലനിർത്താൻ നിർമാതാക്കൾ ശ്രദ്ധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സ്പോർട്ടി ലുക്കിന്റെയും റെട്രോ ലുക്കിന്റെയും ഒരു സംയോജനമായിരിക്കും ഹണ്ടർ എന്ന് കരുതപ്പെടുന്നു. വാഹനത്തിന്റെ മിക്ക ഭാഗങ്ങളും വൃത്താകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതേ പാത പിന്തുടർന്ന് നിർമിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് കൺസോളും ആകർഷകമാണ്. ബ്ളൂടൂത്ത് കണക്ടിവിറ്റിയും ട്രിപ്പ് നാവിഗേഷൻ പോഡും എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഹണ്ടറിന്റെ സ്റ്റാൻഡേർഡ് മോഡലിന് ഒപ്പം ഇത് ലഭിക്കാൻ സാദ്ധ്യതയില്ല.