 
സുൽത്താൻ ബത്തേരി: എസ്.എസ്.എൽ.സി പരീക്ഷയുടെ സമയത്ത് കുട്ടിയുടെ ശരീരത്തിൽ ദൈവം ആവേശിച്ചിരിക്കുകയാണെന്നും അതുകൊണ്ട് പരീക്ഷയെഴുതാൻ പറ്റില്ലെന്നും പറഞ്ഞ് ഒരു വിഷയം എഴുതാതിരുന്നതിനാൽ കുപ്പാടി ഗവ. ഹൈസ്‌കൂളിന് നൂറ് ശതമാനം വിജയം കൈവിട്ടു. പരീക്ഷയ്ക്കിരുന്ന 71 പേരിൽ 70 പേരും വിജയിച്ചു. ഒരു വിഷയം മാത്രം എഴുതാതിരുന്ന കുട്ടി എഴുതിയ വിഷയങ്ങൾക്കെല്ലാം വിജയിക്കുകയും ചെയ്തു.
ഗോത്രവർഗത്തിൽപ്പെട്ട കുട്ടിയാണ് ശരീരത്തിൽ ദൈവം ആവേശിച്ചുവെന്ന് പറഞ്ഞ് മൂന്ന് പരീക്ഷ മാത്രം ബാക്കിനിൽക്കെ എഴുതാൻ വിസമ്മതിച്ചത്. പരീക്ഷാ സമയമായിട്ടും കുട്ടിയെ സ്‌കൂളിൽ കാണാതെ വന്നതോടെ സ്‌കൂളിലെ അദ്ധ്യാപകർ കാറുമെടുത്ത് കുട്ടിയുടെ വീട്ടിലെത്തി. കുട്ടിക്ക് ബാധ കയറിയതാണെന്നും പരീക്ഷ എഴുതാൻ പറ്റില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് അദ്ധ്യാപകർ പറഞ്ഞപ്പോൾ ബാധ കയറിയത് തനിയെ മാറുമെന്ന് പറഞ്ഞു. അദ്ധ്യാപകർ നിർബന്ധിച്ച് കുട്ടിയെ കാറിൽ കയറ്റി സ്‌കൂളിൽ കൊണ്ടുപോയി പരീക്ഷ എഴുതിക്കുകയായിരുന്നു. അടുത്ത പരീക്ഷയ്ക്കും ഇതു തന്നെയായിരുന്നു അവസ്ഥ. അദ്ധ്യാപകരെ കണ്ടതോടെ കുട്ടി കുഴഞ്ഞുവീണു. രണ്ടാം ദിവസവും കുട്ടിയെ കാറിൽ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചു വിട്ടു.
അവസാന ദിവസത്തെ പരീക്ഷയെഴുതിക്കാനും അദ്ധ്യാപകർ വരുമെന്ന് മനസിലാക്കി കുട്ടിയുടെ മാതാപിതാക്കൾ അമ്മ വീടായ നാഗരംചാലിലേക്ക് കുട്ടിയെ മാറ്റി. ഇതോടെ അവസാന ദിവസത്തെ പരീക്ഷ എഴുതാനായില്ല.
അന്ധമായ വിശ്വാസത്തിൽ നിന്ന് ഉടലെടുത്തതാണ് ബാധ കയറിയെന്ന തോന്നൽ കുട്ടിയിലും രക്ഷിതാക്കളിലുമുണ്ടാക്കിയതെന്നാണ് അദ്ധ്യാപകർ പറയുന്നത്. ബത്തേരി നഗരസഭാ പരിധിയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏക സ്‌കൂളാണ് കുപ്പാടി. എഴുതാതിരുന്ന വിഷയം സേ പരീക്ഷയ്ക്ക് എഴുതിക്കാനാണ് അദ്ധ്യാപകർ തീരുമാനിച്ചിരിക്കുന്നത്.