train

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ ഉത്തരേന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇന്നും തുടരുന്നു. പ്രതിഷേധക്കാർ ബിഹാറിൽ പാസഞ്ചർ ട്രെയിനിന് തീയിട്ടു. രണ്ട് കോച്ചുകളാണ് കത്തി നശിച്ചത്. സമസ്‌തിപൂ‌ർ റെയിൽവെ സ്‌റ്റേഷനും പ്രതിഷേധക്കാർ തല്ലിത്തകർത്തു. ഉത്തർ പ്രദേശിലെ ബലിയ റെയിൽവെ സ്‌റ്റേഷനിലെത്തിയ പ്രതിഷേധക്കാർ ട്രെയിൻ അടിച്ചു തകർത്തു. റെയിൽവെ സ്‌റ്റേഷനിലെ കടകളും ഇരിപ്പിടങ്ങളും തകർത്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബലിയ പൊലീസ് അറിയിച്ചു. അധികം ആക്രമണമുണ്ടാകും മുൻപ് പ്രതിഷേധക്കാരെ പൊലീസ് മടക്കിയയച്ചു.

കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ബിഹാറിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് യു.പിയിലും മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഡൽഹിയിലും ഹരിയാനയിലുമടക്കം വടക്കേ ഇന്ത്യയിൽ വ്യാപിക്കുന്നതാണ് കാണുന്നത്. അതേസമയം പദ്ധതി സായുധസേനയ്ക്ക് ചെറുപ്പത്തിന്റെ ഊർജ്ജവും വീര്യവും പകരുന്നതാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

'അഗ്നിപഥ് സത്യവും മിഥ്യയും' എന്ന പേരിൽ കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്. അഗ്നിപഥിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാകുമെന്നാണ് വിശദീകരണം.ഇതിനിടെ ഇന്ത്യൻ ആർമി ലവേഴ്‌സ് എന്ന പേരിലെല്ലാം പദ്ധതിയ്‌ക്കെതിരെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ചില രാഷ്‌ട്ര വിരുദ്ധ ശക്‌തികളാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.