lottery

മൂവാറ്റുപ്പുഴ: അപ്രതീക്ഷിതമായി ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അസാം സ്വദേശി അലാലുദ്ദീൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലാണ് അലാലുദ്ദിന് ഒന്നാം സമ്മാനം അടിച്ചത്.

80 ലക്ഷം കൈയിലെത്തിയതിന്റെ പേടി ആദ്യം തോന്നിയെങ്കിലും കക്ഷി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. മൂവാറ്റുപ്പുഴ സ്റ്റേഷനിലെത്തി പൊലീസുകാരോട് കാര്യം ധരിപ്പിച്ചു. ലോട്ടറിയും തിരിച്ചൽ രേഖകളും പരിശോധിച്ച ശേഷം അവരാണ് അലാലുദ്ദീനെ ബാങ്ക് ഒഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

മാനേജറോട് കാര്യങ്ങൾ വിശദീകരിച്ചതും പൊലീസുകാർ തന്നെ. ബാങ്ക് മാനേജറായ ബിജോമോൻ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപ്പുഴ ബ്രാഞ്ചിൽ ജോയിൻ ചെയ്തത്. അതുകൊണ്ട് ബാക്കി നടപടികളെല്ലാം ഇന്ന് തീർക്കുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. നടന്നു ലോട്ടറി വിൽക്കുന്ന ആളിൽ നിന്നുമാണ് അലാലുദ്ദീൻ ടിക്കറ്റെടുത്തത്.

അസാമിലെ നഗോൺ സ്വദേശിയായ ഇയാൾ 15 വർഷമായി കേരളത്തിലാണ് താമസം. തടിപ്പണിയാണ് പ്രധാന ജോലി. മൂവാറ്റുപുഴ പേഴയ്‌ക്കാപിള്ളിയിലാണ് വാടകയ്‌ക്ക് താമസിക്കുന്നത്. ഭാര്യയും മക്കളും അസാമിലാണ്.