nupur-sharma

വാഷിംഗ്ടൺ: ബിജെപി നേതാക്കൾ പ്രവാചകനെതിരെ നടത്തിയ പരാമർശത്തിൽ അപലപിച്ച് അമേരിക്ക. പാർട്ടി നടപടി എടുത്തതിൽ സന്തോഷമുണ്ടെന്നും മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

നൂപുർ ശർമയുടെ പരാമർശത്തിൽ ഇന്ത്യ അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന പല രാജ്യങ്ങളും അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയും തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുന്നത് ഒട്ടും സ്വീകാര്യമല്ല എന്നും അമേരിക്ക നിലപാടറിയിച്ചു. എന്നാൽ ഇത് കേന്ദ്ര സർക്കാരിന്റെ നിലപാടല്ല എന്നതിൽ സർക്കാർ ഉറച്ചു നിന്നിരുന്നു. ബിജെപി വക്താവ് പറഞ്ഞതിൽ രാജ്യം പരസ്യമായി മാപ്പ് പറയണം എന്ന ആവശ്യത്തോട് വഴങ്ങാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ബിജെപി വക്താവായ നൂപൂര്‍ ശര്‍മ മേയ് 26ന് ചാനൽ ചര്‍ച്ചയില്‍ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇസ്ലാമിക രാജ്യങ്ങളുടെ കടുത്ത വിമര്‍ശനത്തിന് വഴിതുറന്നിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നതിനും ഈ പരാമര്‍ശം കാരണമായി. പ്രതിഷേധം ആളിപ്പടരുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയേയും വിവാദ ട്വീറ്റ് ചെയ്ത നവീന്‍ കുമാര്‍ ജിന്‍ഡാലിനേയും ബിജെപി സസ്‌പെന്റ് ചെയ്തിരുന്നു.