
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിൽ വടക്കുഭാഗത്തുള്ള പ്രതിഷ്ഠ ആരുടേതാണെന്ന് പലർക്കും അറിയില്ല. വിഷ്ണുവിന്റെ നിർമാല്യധാരിയായ വിശ്വക്സേന സ്വാമിയുടേതാണ് ആ പ്രതിഷ്ഠ. ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്ന വിധി പ്രകാരം വിശ്വക്സേന വിഗ്രഹം പരിശോധിക്കുകയും കേടുപാടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 300വർഷത്തോളം പഴക്കമുള്ള വിശ്വക്സേന വിഗ്രഹം ഇപ്പോൾ പുനരുദ്ധാരണം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
ആരാണ് വിശ്വക്സേന സ്വാമി?
ബദ്ധാത്മാക്കൾ, മുക്രാത്മാക്കൾ, നിത്യാത്മാക്കൾ എന്നിങ്ങനെ മൂന്ന് തരം ആത്മാക്കളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ ബദ്ധാത്മാക്കൾ എന്നത് ജനന മരണ ചക്രത്തിൽപ്പെട്ട് ഉഴലുന്നവരാണ്. മനുഷ്യർ ബദ്ധാത്മാക്കളിൽ ഉൾപ്പെടുന്നു. മുക്രാത്മാക്കൾ എന്നത് ഭഗവാന്റെ ചരണങ്ങളെ ശരണം പ്രാപിച്ച് വൈകുണ്ഠത്തിലെത്താൻ ഭാഗ്യം സിദ്ധിച്ചവരാണ്. നിത്യാത്മാക്കൾ എന്നത് വൈകുണ്ഠത്തിലെ ഭഗവാന്റെ പാർശ്വന്മാരെയാണ് പറയുന്നത്. വിശ്വക്സേനൻ, ഭഗവാന്റെ ശയനമായ അനന്തൻ, വാഹനമായ ഗരുഡൻ, തൃക്കൈയിലെ ശംഖ്‌ചക്രം തുടങ്ങിയവയെല്ലാം നിത്യാത്മാക്കളാണ്. ഭഗവാനും ദേവിമാരും കഴിഞ്ഞാൽ ശ്രീ വൈകുണ്ഠത്തിലെ ഏറ്റവും പ്രധാനിയാണ് വിശ്വക്സേനൻ.
സേനാ നായകനായ വിശ്വക്സേനൻ, രാജാവിന് മന്ത്രി എന്നപോലെ വൈകുണ്ഠത്തിലെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. ശ്രീരാമാനുജാചാര്യരുടെ ശ്രീ വൈകുണ്ഠ ഗദ്യത്തിൽ പറയുന്നത് പ്രകാരം പ്രപഞ്ചത്തിലെ നിയന്ത്രണം, നിയമനം തുടങ്ങിയ അധികാരങ്ങളെല്ലാം ഭഗവാൻ ഏൽപ്പിച്ചിരിക്കുന്നത് വിശ്വക്സേനനെയാണ്. ഓരോ ബ്രഹ്മാണ്ഡത്തിലെയും ബ്രഹ്മാവിനെ നിയമിക്കുന്നതും വിശ്വക്സേനനാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യച്ചെലവ് കണക്കുകൾ ബോധിപ്പിക്കുന്നതും വിശ്വക്സേന സ്വാമിയ്ക്ക് മുന്നിലാണ്. ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുന്ന ഏതൊരു വസ്തുവായാലും അത് ആദ്യം വിശ്വക്സേന കാണിക്കണം എന്നും വിശ്വാസമുണ്ട്.