
കാബൂൾ: ശരീരം പൂർണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന് താലിബാൻ. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോർഡുകളും തെക്കൻ അഫ്ഗാൻ നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകൾക്കും അവരുടെ ബന്ധുക്കൾക്കും എതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകൾ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐസിസുകാർ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഇത്തർക്കാർക്കെതിരെ ഉണ്ടാവുക.
ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാർ സർക്കാർ സർവീസിലുണ്ടെങ്കിൽ ആദ്യപടിയായി അവരെ സസ്പെൻഡുചെയ്യും. ശക്തമായ താക്കീതും നൽകും. തുടർന്നും അനുസരണക്കേട് കാണിക്കുന്നെങ്കിൽ അതികഠിന ശിക്ഷകൾ അനുഭവിക്കേണ്ടിവരും.
അധികാരം പിടിച്ചതോടെ സ്ത്രീകൾക്കെതിരെ താലിബാൻ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. അതാണ് ഇപ്പോൾ ഒന്നുകൂടെ കടുപ്പിച്ചിരിക്കുന്നത്. ശബ്ദംപോലും പുറത്തുകേൾപ്പിക്കാതെ വീട്ടിനുള്ളിൽ തന്നെ സ്ത്രീകൾ കഴിയണമെന്നാണ് താലിബാൻ ഉന്നതരുടെ നിർദ്ദേശം. എന്തെങ്കിലും ആവശ്യത്തിന് പാെതുസ്ഥലത്ത് ഇറങ്ങേണ്ടി വന്നതാൽ ബന്ധുവായ പുരുഷൻ ഒപ്പമുണ്ടാവണം എന്നും നിർബന്ധമുണ്ട്. സ്കൂളുകൾ അടച്ചുപൂട്ടിയതോടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടു.
താലിബാൻ നിയന്ത്രങ്ങൾക്കെതിരെ തെരുവിലിറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാൻ നേരിട്ടത്. ഇതേത്തുടർന്ന് പ്രതിഷേധിക്കാൻ ആരും ധൈര്യപ്പെടാതായി. അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന് സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും നൽകുമെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും അതൊന്നും ഇന്നുവരെ നടപ്പിലായില്ല.