agni

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ ഉത്തരേന്ത്യയിൽ വ്യാപകമായി കലാപം നടക്കുമ്പോഴും പദ്ധതിയെ പിന്തുണച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് രാജ്യത്തെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണാവസരമാണ് ഇത്. പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി അഗ്നിവീർ ആകുന്നത് അവർക്ക് അതുല്യമായ വ്യക്തിത്വം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് കാരണം രാജ്യത്ത് റിക്രൂട്ട്മെന്റ് നടന്നിരുന്നില്ല. അതുകാരണം യുവാക്കൾക്ക് സൈന്യത്തിൽ ചേരാനുള‌ള അവസരമുണ്ടായില്ല. സൈനിക റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ തുടങ്ങുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി അറിയിച്ചു.

രാജ്യത്തെ വിവിധയിടങ്ങളിൽ ട്രെയിനുകൾ കത്തിച്ചും റെയിൽവെ സ്‌റ്റേഷനുകൾ നശിപ്പിച്ചും പ്രതിഷേധക്കാർ പദ്ധതിയോടുള‌ള എതിർപ്പ് തുടരുകയാണ്. ഇതിനിടെ ഉയർന്ന പ്രായപരിധി 23 ആയി കേന്ദ്ര സർക്കാർ ഉയർത്തി. എന്നാലിത് ഒറ്റതവണയുള‌ള പ്രായപരിധി വർദ്ധന മാത്രമാണ്. മുൻവർഷങ്ങളെക്കാൾ മൂന്നിരട്ടി റിക്രൂട്ട്മെന്റ് നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

പ്രായപരിധി ഉയർത്തിയതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പ്രശംസിച്ചു. അതേസമയം അഗ്നിപഥ് പദ്ധതിയെ രാജ്യത്തെ യുവാക്കൾ തിരസ്‌കരിച്ചെന്നും രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിയ്‌ക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.