
ചണ്ഡിഗഡ്: കൊലക്കേസിലും ബലാൽസംഗക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ഗുർമീത് റാം റഹീം സിംഗിന് ഒരുമാസത്തെ പരോൾ. ഹരിയാനയിലെ ബി ജെ പി സർക്കാരാണ് വിവാദ ആൾ ദൈവം ഗുർമീതിന് പരോൾ അനുവദിച്ചത്.
2017ൽ രണ്ട് ബലാത്സംഗക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഹരിയാനയിലെ റോഹ്‌തക്കിലെ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഗുർമീത്. 2002ൽ മാനേജരെ കൊലപ്പെടുത്തിയ കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് ഗുർമീത് റാം റഹീം സിംഗിന് ഔദ്യോഗികമായി പരോൾ അനുവദിച്ചെങ്കിലും ഇതിനകം തന്നെ നാലുതവണ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാഴ്ചത്തെ ശിക്ഷാ അവധിയും ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ഗുർമീത് ഉത്തർപ്രദേശിലെ ഭാഗ്പത്തിലെ ബർണാവയിലുള്ള ദേര സച്ചാ സൗദാ ആശ്രമത്തിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കകത്തും പുറത്തുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഗുർമീതിനെ രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് ആദ്യ ശിക്ഷ ലഭിച്ചത്. പ്രത്യേക സി ബി ഐ കോടതി ഇരുപതുവർഷത്തേക്കാണ് ശിക്ഷിച്ചത്. ദേര സച്ചയുടെ ആസ്ഥാനമായ സിർസയുടെ ആശ്രമത്തിൽ വച്ചാണ് ഇരുവരും പീഡിപ്പിക്കപ്പെട്ടത്. ഇതിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടത്. മറ്റ് നിരവധി കൊലപാതകങ്ങളിൽ ഇയാളുടെ പേര് ഉയർന്നുകേട്ടിരുന്നു.
ഒരു സാധാരണ ആൾ ദൈവമല്ല ഗുർമീത്. ‘ആത്മീയ വിശുദ്ധന്‍, മനുഷ്യ സ്‌നേഹി, ഗായകന്‍, സിനിമ സംവിധായകന്‍,നടന്‍, കലാ സംവിധായകന്‍, എഴുത്തുകാരന്‍,സംഗീത സംവിധായകന്‍, ഗാനരചയിതാവ്, ആത്മകഥാകാരന്‍, ഛായാഗ്രാഹകന്‍ എന്നൊക്കെയാണ് ഗുർമീത് ട്വിറ്റര്‍ പ്രൊഫൈലില്‍ സ്വയം വിശേഷിപ്പിക്കുന്നത്. നിരവധി സിനിമകളിൽ ഇയാൾ നടനായും സംവിധായകനായും സംഗീത സംവിധായകനുമായൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യാ ബുക്ക് ഒഫ് റെക്കോര്‍ഡ്‌സ് പ്രകാരം ഒരൊറ്റ ചിത്രത്തില്‍ ഏറ്റവുമധികം കഥാപാത്രങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിച്ചുവെന്ന റെക്കോര്‍ഡുകളും ഗുര്‍മീതിന് സ്വന്തമാണ്.സിനിമകള്‍ക്ക് പുറമെ, യൂണിവേഴ്‌സല്‍ ലേബലിന്റെ കീഴിൽ ആല്‍ബങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അവസാനത്തെ ആല്‍ബമായ ഹൈവേ ലൗ ചാര്‍ജര്‍ മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് ദശലക്ഷം പകര്‍പ്പുകളാണ് വിറ്റഴിഞ്ഞത്. ഇതിലൂടെയെല്ലാമാണ് ഗുർമീത് അനുയായികളുടെ എണ്ണം കൂട്ടിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് അകത്താകുമ്പോൾ രാജ്യത്താകമാനം നാൽപ്പത്താറോളം ആശ്രമങ്ങളാണ് ഉണ്ടായിരുന്നത്. ഒപ്പം കോടികളുടെ ആസ്തിയും.