
ന്യൂഡൽഹി: വാഹനാപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പിക്കാനും ഒട്ടനവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്‌കരിക്കാറുണ്ട്. ചിലപ്പോൾ കർശനനിയന്ത്രങ്ങൾ ഫലപ്രദം ആകാതെ വരുമ്പോൾ ചില തന്ത്രങ്ങളും ഭരണകൂടം പ്രയോഗിക്കാറുണ്ട്.
ഇപ്പോഴിതാ തോന്നുംപോലെ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഉഗ്രൻ പണിയുമായാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എത്തിയിരിക്കുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഇവർ ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്‌ത് അയയ്‌ക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ പിഴയും ഫോട്ടോ അയക്കുന്നയാൾക്ക് 500 രൂപ പ്രതിഫലവും ലഭിക്കും.
ഈ നിയമം പാർക്കിംഗ് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗഡ്‌കരി പറഞ്ഞു. ഡൽഹിയിൽ നടന്ന 'ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ സമ്മിറ്റ് 2022ന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി ക്ഷാമം മറികടക്കാൻ ബദൽ ഇന്ധനങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.