
റോഡുവക്കിലെ വിശ്രമ കേന്ദ്രത്തിൽ ഒരു കാർ ഗ്ളാസുകൾ മുഴുവൻ ഇട്ട് നിറുത്തിയിട്ടിരിക്കുന്നു. എൻജിൻ ഓണാണ്. പക്ഷേ കാർ ഇടയ്ക്കിടെ അനങ്ങുന്നുണ്ട്. പന്തികേട് തോന്നിയ പ്രാദേശിക കമ്യൂണിറ്റി പ്രവർത്തകരെത്തി തട്ടി വിളിച്ചു. അല്പസമയം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്. സ്ഥലത്തുണ്ടായിരുന്ന എല്ലാവരും ആ രംഗം കണ്ട് അന്തംവിട്ടുപോയി. കാറിനുള്ളിൽ നിറയെ പൂച്ചകൾ. ഒപ്പം ഒരു മനുഷ്യനും. നാൽപ്പത്തേഴ് പൂച്ചകളാണ് കാറിനുള്ളിലുണ്ടായിരുന്നത്.പക്ഷേ, ഒറ്റ എണ്ണംപോലും പുറത്തിറങ്ങുകയോ ബഹളം കൂട്ടുകയോ ചെയ്തില്ല.
എന്താണ് സംഭവിച്ചതെന്നറിയാൻ ഉടമയോട് തന്നെ കാര്യം തിരക്കി. ചൂട് സഹിക്കാനാവാതെ പൂച്ചകൾക്കൊപ്പം കാറിൽ കയറിയെന്നതായിരുന്നു മറുപടി. വീണ്ടും തിരക്കിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. കാറിന്റെ ഉടമയ്ക്ക് വീടില്ല. കൂടെയുണ്ടായിരുന്നതെല്ലാം വളർത്തുപൂച്ചകൾ. കുറച്ചുകാലം മുമ്പാണ് ഇയാൾക്ക് വീട് നഷ്ടമായത്. അതോടെ കാറിലായി താമസം. ഈ സമയം 61 പൂച്ചകളാണ് ഉണ്ടായിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ കുറച്ചെണ്ണം പലവഴിക്കായി പോയി. ശേഷിച്ചതാണ് നാൽപ്പത്തേഴെണ്ണം.
അന്തരീക്ഷ താപനില വല്ലാതെ ഉയർന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തി. എന്നാലും പൂച്ചകളെ ഉപേക്ഷിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിൽ കാറിലെ എ സിയാണ് പൂച്ചകൾക്ക് രക്ഷയായത്. ഒരുവയസുമുതൽ 12 വയസുവരെയുള്ള പൂച്ചകളാണ് കാറിനുള്ളിലുണ്ടായിരുന്നത്.
വൃത്തിഹീനമായ ചുറ്റപാടിലാണ് പൂച്ചകളെ കണ്ടെത്തിയതെങ്കിലും ഇവയ്ക്കൊന്നിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഡോക്ടർ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തകയും ചെയ്തു. ഉടമയോടൊപ്പം ഇനിയും വിട്ടാൽ പൂച്ചകളുടെ അവസ്ഥ മോശമാകുമെന്ന് വ്യക്തമായതിനാൽ അവയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പൂച്ചകളെ വന്ധ്യംകരിച്ചശേഷം ആവശ്യക്കാർക്ക് ദത്തെടുക്കാനുള്ള അവസരം നൽകാനാണ് അധികതരുടെ തീരുമാനം.