madhu

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. മധുവിന്റെ അമ്മ മല്ലിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്നായിരുന്നു ആവശ്യം.

കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിലാണ് മധു വധക്കേസ് വിചാരണ നടക്കുന്നത്. സാക്ഷികൾ കൂറുമാറിയതിനെത്തുടർന്നാണ് സ്പെഷൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

മധുവിനെ മർദ്ദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പിൽ നേരത്തെ മൊഴി നൽകിയ പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് കൂറുമാറിയത്. സാക്ഷികളെ കൂറു മാറ്റുന്നതിൽ പ്രതിഭാഗം വിജയിച്ചുവെന്നും ഈ പ്രോസിക്യൂട്ടർ വാദിച്ചാൽ തങ്ങൾ കേസിൽ തോറ്റുപോകുമെന്ന് ആശങ്കയുണ്ടെന്നും മധുവിന്റെ മാതാവ് പരാതിയിൽ പറയുന്നു.

എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ മാറ്റാൻ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കിൽ പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു. വിചാരണക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് അയക്കുകയായിരുന്നു.