
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിന് കൈമാറാൻ ബ്രിട്ടന്റെ പച്ചക്കൊടി. അസാൻജിനെ കൈമാറണമെന്ന യു.എസ് അഭ്യർത്ഥന ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അംഗീകരിച്ചു. ഇതിനെതിരെ അപ്പീൽ നൽകാൻ അസാൻജിന് 14 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
അസാൻജിനെ യു.എസിന് കൈമാറാൻ ലണ്ടനിലെ കോടതി ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. അസാൻജിനെ യു.എസിന് കൈമാറിയാൽ അവിടെ അദ്ദേഹം വിചാരണ നേരിടേണ്ടി വരും. ആയിരക്കണക്കിന് അതീവ രഹസ്യ സ്വഭാവമുള്ള സൈനിക, നയതന്ത്ര രേഖകൾ പരസ്യപ്പെടുത്തിയതിന് അസാൻജിനെതിരെ 18 ക്രിമിനൽ കേസുകളാണ് യു.എസിലുള്ളത്.
2010 ലായിരുന്നു യു.എസ് ഭരണകൂടത്തെ ഞെട്ടിച്ച് അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളുടേത് അടക്കം അതീവ പ്രാധാന്യമുള്ള യുദ്ധരേഖകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ വിക്കിലീക്സ് പുറത്തുവിട്ടത്. 2019 മുതൽ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയ ശേഷമായിരുന്നു അസാൻജ് ജയിലിലായത്.