
റിയൽമി ബഡ്സ് ഇനി മുതൽ ഇന്ത്യയിൽ നിർമിക്കും. ഇതിനു വേണ്ടി ചൈനീസ് കമ്പനിയായ റിയൽമി 26.8 കോടിയുടെ നിക്ഷേപമാണ് രാജ്യത്ത് നടത്തുക. വയർലെസ് സ്റ്റീരിയോ സിസ്റ്റമായ റിയൽമിയുടെ ബഡ് എയർ 3 ഇയർബഡുകളായിരിക്കും ഇന്ത്യയിൽ നിർമിക്കുക. ഇതിലൂടെ രാജ്യത്ത് ആയിരത്തോളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇയർ ബഡുകളുടെ നിർമാണത്തിന് വേണ്ടി നോയിഡ ആസ്ഥാനമായ കെ.എച്ച്.വൈ ഇലക്ട്രോണിക്സ് എന്ന സ്ഥാപനവുമായി റിയൽമി അധികൃതർ കരാറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് റിയൽമിയുടെ ഇയർബഡുകൾ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ കൊല്ലം റിയൽമിയുടെ തന്നെ സ്മാർട്ട് വാച്ചുകൾ കെ.എച്ച്.വൈ ഇലക്ട്രോണിക്സുമായി ചേർന്ന് പ്രാദേശികമായി നിർമിക്കാൻ ആരംഭിച്ചിരുന്നു.
നിർമാണം ആരംഭിക്കുന്നതോടെ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്ന ആദ്യത്തെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (എഎൻസി) ടിഡബ്ല്യുഎസ് ഇയർബഡുകൾ എന്ന സ്ഥാനം റിയൽമിക്ക് ലഭിക്കും. ഈ വർഷം ആദ്യമായി ഇന്ത്യയിലെത്തിയ ഇയർബഡുകളുടെ വില 3999 രൂപയാണ്. 10 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവറുകൾ, ഒറ്റ ചാർജിൽ 30 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയും ഇവയുടെ സവിശേഷതകളാണ്.
മൊബൈൽ ആക്സസറീസിന്റെ നിർമാണത്തിൽ 100 ശതമാനം പ്രാദേശിക ഉത്പാദനം കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയൽമി ഇന്ത്യയുടെ സിഇഒയും റിയൽമിയുടെ വൈസ് പ്രസിഡന്റുമായ മാധവ് ഷെത്ത് പറഞ്ഞു. 2019 മുതൽ ഏകദേശം 300 കോടി രൂപ റിയൽമി ഇതുവരെ ഇന്ത്യയിൽ നിക്ഷേപിച്ചതായാണ് കണക്കാക്കപ്പെടുന്നത്.