ukraine

കീവ് : യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) ചേരുന്നതിനുള്ള യുക്രെയിന്റെ അപേക്ഷ ഔദ്യോഗികമായി പരിഗണിക്കാൻ ( കാൻഡിഡേറ്റ് പദവി നൽകാൻ ) ശുപാർശ ചെയ്യുന്നതായി യൂറോപ്യൻ കമ്മിഷൻ അദ്ധ്യക്ഷ ഉർസുല വോൺ ഡെർ ലെയ്‌ൻ അറിയിച്ചു. അതേ സമയം, ശുപാർശ അടുത്താഴ്ച നടക്കുന്ന 27 അംഗ ഇ.യു രാജ്യങ്ങളുടെ യോഗത്തിൽ അംഗീകരിക്കേണ്ടതുണ്ട്. അംഗീകരിക്കപ്പെട്ടാൽ ഇ.യു അംഗത്വത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി ഇതിനെ കാണാം. അംഗത്വം നേടുന്നതിന് വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളാണ് വേണ്ടത്.

യൂറോപ്യൻ യൂണിയനിലേക്കുള്ള അപേക്ഷ അംഗീകരിച്ചത് റഷ്യയെ പരാജയപ്പെടുത്താൻ തങ്ങളെ സഹായിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, റഷ്യക്കാർക്കുണ്ടായിരുന്ന വിസാരഹിത പ്രവേശനം യുക്രെയിൻ റദ്ദാക്കി. ജൂലായ് 1 മുതൽ വിസയില്ലാതെ റഷ്യൻ പൗരന്മാർക്ക് യുക്രെയിനിലേക്ക് പ്രവേശിക്കാനാകില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും കീവിലെത്തി. ഏപ്രിലിൽ ബോറിസ് യുക്രെയിനിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഇന്നലെയും മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ ബോറിസ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.

 പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് പുട്ടിൻ

പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്നലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ നടത്തിയ 73 മിനിറ്റ് നീണ്ട പ്രസംഗത്തിലാണ് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ പുട്ടിൻ ആഞ്ഞടിച്ചത്. സൈബർ ആക്രമണം നേരിട്ടതിനാൽ പരിപാടി തുടങ്ങാൻ വൈകിയെന്ന് റിപ്പോർട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സ്വീകരിക്കുന്ന നടപടികൾ ഭ്രാന്തും വിവേകശൂന്യവുമാണെന്ന് പുട്ടിൻ പറഞ്ഞു.

ആവശ്യമുള്ളവരുമായി റഷ്യ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുമെന്നും തങ്ങൾക്കെതിരെയുള്ള പാശ്ചാത്യ ഉപരോധങ്ങൾ പരാജയപ്പെട്ടെന്നും ഏകധ്രുവ ലോകത്തിന്റെ യുഗം അവസാനിച്ചെന്നും പുട്ടിൻ പറഞ്ഞു. ഭക്ഷ്യ പ്രതിസന്ധിയ്ക്കും വിലക്കയറ്റത്തിനും റഷ്യ കാരണമല്ലെന്നും യു.എസ് ചെലവുകൾ വർദ്ധിപ്പിക്കുന്നതായും ധാന്യ കയറ്റുമതി കൂട്ടാൻ റഷ്യ തയാറാണെന്നും പുട്ടിൻ പറഞ്ഞു.

' യൂറോപ്യൻ യൂണിയന് അതിന്റെ രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെട്ടു. അതിലെ നേതാക്കൾ അവരുടെ സ്വന്തം ജനങ്ങളുടെ ചെലവിൽ മറ്റാരുടെയോ താളത്തിനൊത്ത് നൃത്തം ചവിട്ടുകയാണ്." പുട്ടിൻ ആരോപിച്ചു. അമേരിക്ക മറ്റുള്ള രാജ്യങ്ങളെ അവരുടെ കോളനികളായി കാണുന്നുവെന്ന് കുറ്റപ്പെടുത്തിയ പുട്ടിൻ ലോക രാഷ്‌ട്രീയം ഇനി പഴയപോലെ ആകില്ലെന്ന് മുന്നറിയിപ്പ് നൽകി. ശക്തവും ആധുനികവുമായ രാജ്യമെന്ന നിലയിൽ റഷ്യ ഒരു പുതിയ ആഗോളക്രമത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞാണ് പുട്ടിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.