
ആംസ്റ്റൽവീൻ: ഇംഗ്ളണ്ടും നെതർലാൻഡ്സും തമ്മിലുള്ള ആദ്യ ഏകദിനം സംഭവബഹുലമായ നിമിഷങ്ങളാണ് ക്രിക്കറ്റ് ആരാധകർക്ക് ഒരുക്കിയത്. നെതർലാൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇംഗ്ളണ്ട് ബാറ്റർമാർ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് പടുത്തുയർത്തിയത്. 93 പന്തിൽ 122 റൺസെടുത്ത ഓപ്പണർ ഫിലിപ്പ് സാൾട്ട്, 109 പന്തിൽ 125 റൺസെടുത്ത ഡേവിഡ് മലാൻ, 70 പന്തിൽ 162 റൺസടിച്ച ജോസ് ബട്ട്‌ലർ, 22 പന്തിൽ 66 റൺസടിച്ച ലിയാം ലിവിംഗ്സ്റ്റൺ എന്നിവരാണ് ഇംഗ്ളണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്.
ഇതിൽ വൺ ഡൗണായി ഇറങ്ങിയ ഡേവിഡ് മലാൻ ഇംഗ്ളണ്ട് ഇന്നിംഗ്സിന്റെ ഒൻപതാം ഓവറിൽ നേടിയ പടുകൂറ്റൻ സിക്സറായിരുന്നു മത്സരത്തിലെ ചർച്ചാവിഷയമായത്. സിക്സർ അടിച്ചതു കാരണമല്ല മറിച്ച് അതിനു ശേഷം നടന്ന സംഭവങ്ങൾ കാരണമാണ് ആ സിക്സർ ഇത്രയേറെ പ്രശസ്തമായി മാറിയത്. സമൂഹമാദ്ധ്യമങ്ങളിലെല്ലാം ഇപ്പോൾ സംസാര വിഷയം മലാന്റെ ആ സിക്സറാണ്.
Drama in Amstelveen as the ball ends up in the trees 🔍 pic.twitter.com/MM7stEMHEJ
— Henry Moeran (@henrymoeranBBC) June 17, 2022
ഒൻപതാം ഓവർ എറിയാനെത്തിയ നെതർലാൻഡ്സ് ബൗളർ പീറ്റർ സീലറിന്റെ ആദ്യ പന്ത് തന്നെ മലാൻ സിക്സർ അടിച്ചു. ബൗളറിന്റെ തലയ്ക്കു മുകളിലൂടെയായി പറത്തിയ ആ സിക്സർ പതിച്ചത് കമന്റേറ്റർമാർ ഇരിക്കുന്ന ടെന്റിന് പുറകിലായിട്ടാണ്. മരച്ചിലകളിൽ തട്ടി ഒരു പൊന്തക്കാട്ടിലാണ് ആ പന്ത് വന്ന് വീണത്. ഗ്രൗണ്ടിലെ സെക്യൂരിറ്റി സ്റ്റാഫും മറ്റ് അധികൃതരും പന്തിന് വേണ്ടി തെരച്ചിൽ ആരംഭിച്ചു. കൂട്ടിന് ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന നെതർലാൻഡ്സ് താരങ്ങളായ ടോം കൂപ്പറും ലോഗൻ വാൻ ബീക്കും എത്തി. ഏതാനും മിനിട്ടുകൾ ആ തെരച്ചിൽ നീണ്ടെങ്കിലും ഒടുവിൽ വാൻ ബീക്ക് പന്ത് കുറ്റിച്ചെടികൾക്കിടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒരു സിക്സർ അടിച്ച് സമയം കളഞ്ഞത് കൊണ്ടോണോ എന്നറിയില്ല, പിന്നീട് ആ ഓവറിൽ ഇംഗ്ളണ്ട് താരങ്ങൾ കൂറ്റനടിക്ക് മുതിർന്നില്ല. ആ ഓവറിൽ അവശേഷിച്ച അഞ്ച് പന്തുകളിൽ നിന്ന് മൂന്ന് റൺസ് മാത്രമാണ് മലാനും സാൾട്ടും ചേർന്ന് നേടിയത്.