
സൗരാഷ്ട്ര: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി-20യിൽ 82 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ പരമ്പരയിൽ 2-2ന് ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87/9 എന്ന നിലയിൽ ചേസിംഗ് അവസാനിപ്പിക്കുകയായിരുന്നു. ക്യാപ്ടൻ ഡെംബ ബവുമ (8) ആവേശിന്റെ പന്തിൽ പരിക്കേറ്റ് മടങ്ങി. പിന്നീട് അദ്ദേഹത്തിന് ബാറ്റ് ചെയ്യാനായില്ല. 4 ഓവറിൽ 18 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. ചഹൽ 2 വിക്കറ്റ് വീഴ്ത്തി. 20 റൺസെടുത്ത ഡുസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റിയടിച്ച റുതുരാജ് ഗെയ്‌ക്‌വാദിനെ (5) തുടക്കത്തിലേ നഷ്ടമായി. എൻഗിഡിയുടെ പന്തിൽ ഡി കോക്ക് പിടിച്ചാണ് റുതുരാജ് മടങ്ങിയത്. പിന്നാലെ ശ്രേയസ് അയ്യർ (4) മാർക്കോ ജാൻസൻണും നന്നായി തുടങ്ങിയ ഇഷാൻ കിഷൻ (27) നോർട്ട്ജെയ്ക്കും വിക്കറ്റ് നൽകി പുറത്തായതോടെ 40/3 എന്ന നിലയിൽ ആയി ഇന്ത്യ. തുടർന്ന് ക്യാപ്റ്റൻ റിഷഭ് പന്തും (17), ഹാർദ്ദിക് പാണ്ഡ്യയും ( 31 പന്തിൽ 46) ക്രീസിൽ പിടിച്ചു നിന്നെങ്കിലും റണ്ണൊഴുക്ക് പതുക്കെയായിരുന്നു.
പന്തിനെ കേശവ് മഹാരാജ് മടക്കിയശേഷം വന്ന ദിനേഷ് കാർത്തിക്കാണ് (27 പന്തിൽ 55) ഹാർദ്ദിക്കിനൊപ്പം വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 33 പന്തിൽ 65 റൺസാണ് കൂട്ടിച്ചേർത്ത്. കാർത്തിക്കിന്റെ ബാറ്റിൽ നിന്ന് 9 ഫോറും 2 സിക്സും പിറന്നു. ഹാർദ്ദിക്ക് 3 വീതം സിക്സും ഫോറും നേടി. അക്സറും (8), ഹർഷലും (1) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി.