
ലക്നൗ: ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെയും കുടുംബത്തെയും കബളിപ്പിച്ചെന്ന പരാതിയുമായി യുവാവ്. വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളുവെന്നും എന്നാൽ തന്റെ ഭാര്യ ഇപ്പോൾ നാലു മാസം ഗർഭിണിയാണെന്നുമാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നത്. വയറുവേദനയാണെന്ന് പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ വച്ച് നടത്തിയ സോണോഗ്രഫി ടെസ്റ്റിലാണ് യുവതി ഗർഭിണിയാണെന്ന കാര്യം അറിയുന്നതെന്ന് യുവാവ് പറയുന്നു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടിയുടെ ഗ്രാമത്തിൽ താമസിക്കുന്ന യുവാവിന്റെ ഒരു ബന്ധു വഴിയാണ് വിവാഹാലോചന വന്നത്. തുടർന്ന് ഒന്നരമാസം മുമ്പ് വിവാഹം നടക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പെൺകുട്ടിക്കും ബന്ധുക്കൾക്കും അറിയാമായിരുന്നെന്നും അത് മറച്ചുവച്ചാണ് താനുമായുള്ള വിവാഹം നടത്തിയതെന്നും യുവാവ് ആരോപിക്കുന്നു. പെൺകുട്ടിക്കും ബന്ധുക്കൾക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്നാണ് യുവാവിന്റെ ആവശ്യം. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിംഗ് പറഞ്ഞു.