
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടണ്ട്. മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്ച വരെ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കിഴക്കൻ മേഖലകളിലാണ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത.
ഒറ്റപ്പെട്ട മഴയ്‌ക്കും അതിശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. കാലവർഷ കാറ്റിനൊപ്പം വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്‌നാട് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമായാണ് മഴ കനക്കാൻ കാരണം.
അതേസമയം, കാലവർഷം ഇപ്പോൾ ദുർബലമാണെങ്കിലും അടുത്തമാസം അവസാനവും ആഗസ്റ്റിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും തെക്കൻ ജില്ലകളിൽ ഇടവിട്ട മഴയും മാത്രമാണ് ലഭിക്കുന്നത്.
ഇതുവരെ 59 ശതമാനം മഴയുടെ കുറവാണുണ്ടായത്. 345.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ടതിൽ 145 മി. മീറ്റർ മാത്രമാണ് ലഭിച്ചത്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ചും മുൻ വർഷങ്ങളെ വിലയിരുത്തിയുമാണ് ആഗസ്റ്റിൽ മഴ കനക്കുമെന്ന പ്രവചനം. എന്നാൽ തീവ്രമഴയോ പ്രളയ സാദ്ധ്യതയോ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും വിദഗ്ദ്ധർ പറയുന്നു.