
പാലക്കാട്: കുഴൽമന്ദത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോർട്ട്. കെ എസ് ആർ ടി സി ഡ്രൈവർ കുറേക്കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡ്രൈവർ ഔസേപ്പിനെതിരെ മനപ്പൂർവമായ നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി ഏഴിനായിരുന്നു കുഴൽമന്ദത്ത് ദേശീയപാതയിൽ അപകടമുണ്ടായത്. രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. ഔസേപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
ഈ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഔസേപ്പിനെതിരെ നരഹത്യയ്‌ക്ക് കേസെടുത്തിരിക്കുന്നത്. പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണ്.
പീച്ചി സ്വദേശിയായ ഔസേപ്പ് ഇപ്പോൾ സസ്പെൻഷനിലാണ്. അപകടത്തിന് പിന്നാലെ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു. പാലക്കാട് ജില്ലാ ക്രൈം റെക്കാർഡ് ബ്യൂറോ ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.