gandhi

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ പ്രതിഷേത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്‌കീം പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരുടെ പ്രക്ഷോഭം കാരണം പുതിയ കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമും പിൻവലിക്കേണ്ടി വരുമെന്നാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്.

'കഴിഞ്ഞവർഷം കാർഷിക നിയമം പിൻവലിച്ച ശേഷം രാജ്യത്തെ കർഷകരോട് മാപ്പ് പറഞ്ഞപോലെ ഇത്തവണ രാജ്യത്തെ യുവാക്കളോട് മോദിയ്‌ക്ക് മാപ്പ് പറയേണ്ടി വരും.' രാഹുൽ അഭിപ്രായപ്പെട്ടു. 'ജയ് ജവാൻ, ജയ് കിസാൻ' എന്ന വാക്യത്തിലെ മൂല്യങ്ങളെ കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാ‌ർ അപമാനിച്ചു. കാർഷിക നിയമം പിൻവലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് താൻ പറഞ്ഞിരുന്നതായും അതുപോലെ ഇതിലും സംഭവിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്‌കീം പ്രഖ്യാപിച്ചത്. 17.5 വയസിനും 23 വയസിനുമിടയിലുള‌ള യുവാക്കൾക്ക് ഈ സ്‌കീമിന് അപേക്ഷിക്കാം. നാല് വർഷത്തേക്ക് സൈന്യത്തിൽ അംഗമാകുന്ന സ്‌കീമാണിത്. അതിന് ശേഷം നിർബന്ധിത വിരമിക്കലാണുള‌ളത്. എന്നാൽ 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാനാകും. വിരമിക്കുന്നവർക്ക് ഗ്രാറ്റുവിറ്റിയോ പെൻഷൻ ആനുകൂല്യമോ ലഭിക്കില്ല. എന്നാൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് വഴി തൊഴിൽ നേടുന്നവരുടെ ഭാവി സുരക്ഷിതമാണെന്നാണ് കേന്ദ്രം നൽകുന്ന ഉറപ്പ്. കേന്ദ്ര പൊലീസ് സേനകളിൽ അഗ്നിവീരർക്ക് സംവരണം സർക്കാർ പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളും അഗ്നിപഥ് വഴി തൊഴിൽനേടുന്ന അഗ്നിവീരർക്ക് പൊലീസിൽ നിയമനത്തിൽ മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.