
മലപ്പുറം: വ്യവസായി എം എ യൂസഫലിക്കെതിരെ പരോക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണെന്നും യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യൂസഫലിയുടെ പേര് പരാമർശിക്കാതെയായിരുന്നു ഷാജിയുടെ വിമർശനം. ലോക കേരളസഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. ഈ വിമർശനത്തോടാണ് ഷാജി പ്രതികരിച്ചതെന്നാണ് സൂചന. ബിസിനിസ് വളരാനായി യോഗിയേയും മോദിയേയും നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം. ബിസിനസുകാർക്ക് ഇതിനായി പലതും ചെയ്യേണ്ടിവരും, ചെയ്‌തോ. പക്ഷേ ലീഗിനെ വിലക്കുവാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയുമെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് പാവപ്പെട്ടവന്റെ കൈയിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേയുള്ളൂ. അതിനപ്പുറം ഒരു മുതലാളിയുടെയും ഒത്താശയും ഇതിനില്ല. നിങ്ങളുടെ നക്കാപ്പിച്ച വാങ്ങി ജീവിക്കാത്തിടത്തോളം, നിങ്ങൾ എന്ത് ചെയ്താലും അത് ഞങ്ങൾ വിളിച്ചുപറയുമെന്നാണ് ഷാജി പറയുന്നത്.