
തിരുവനന്തപുരം: ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചതിലെ നിരാശ പ്രകടിപ്പിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കുള്ള മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
'വ്യവസായ പ്രമുഖനായ യൂസഫലി അഖില കേരള ലോകസഭയിൽ നടത്തിയ പരാമർശം ദൗർഭാഗ്യകരമാണ്. ഇന്നലെ രാവിലെ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കാത്തത്. യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. കാരണം, കേരളത്തിൽ കെ.പി.സി.സി ഓഫീസ് തകർക്കുകയും കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടക്കുകയും ഗാന്ധി പ്രതിമ തകർക്കുകയും നിരവധി കോൺഗ്രസ് ഓഫീസുകൾ ബോംബിട്ട് തകർക്കുകയും തീ വച്ച് നശിപ്പിക്കുകയും ചെയ്‌തു.
ഞങ്ങളുടെ നൂറുകണക്കിന് പ്രവർത്തകർ സി.പി.എമ്മുകാരുടെ മർദനമേറ്റ് ആശുപത്രിയിലാണ്. ഒരാളുടെ കണ്ണ് നഷ്ട്ടപ്പെടും എന്ന സ്ഥിതിയിലാണ്. ഈ അവസരത്തിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിൽ പ്രയാസമുണ്ട്. അല്ലാതെ മറ്റൊരു കാരണവുമില്ല. ഇതല്ലാതെ മറ്റൊരു കാരണവും ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ട് ഭക്ഷണം പ്രവാസികൾക്ക് നൽകുന്നതും താമസം കൊടുക്കുന്നതുമാണ് ഞങ്ങൾ എതിർക്കുന്നതെന്ന് പറഞ്ഞത് ശരിയായ നടപടിയല്ല. അദ്ദേഹം തെറ്റായൊരു പ്രസ്‌താവനയാണ് നടത്തിയത്. അതിനെ ഞാൻ വളരെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.
ധൂർത്തിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിട്ടുള്ളത് തുടക്കത്തിലാണ്. ശങ്കരനാരായണൻ തമ്പി ഹാൾ നല്ലാെരു ഹാൾ ആയിരുന്നു. അതിന്റെ ഇന്റീരിയറിന് വേണ്ടി ഊരാളുങ്കൽ സൊസെെറ്റിക്ക് 16 കോടിയുടെ കരാർ കൊടുത്തതിൽ അഴിമതിയുണ്ട്. ഇത് ധൂർത്താണ്. ഇതിന് 16 കോടിയുടെ ആവശ്യമില്ല. ഇതാണ് ധൂർത്തെന്ന് പറഞ്ഞത്. അല്ലാതെ പുറത്ത് നിന്ന് വരുന്ന പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം ഒരുക്കുന്നതോ ധൂർത്തെന്ന് ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ല.
സി.പി.എം നേതൃത്വം ട്വിസ്റ്റ് ചെയ്യാൻ നോക്കുകയാണ്. അത് തെറ്റായ കാര്യമാണ്. സഹകരിക്കാമെന്ന് കരുതി ലിസ്റ്റ് കൊടുത്തതാണ്. ഇവിടെ വന്ന പ്രതിനിധികളോട് പങ്കെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടതാണ്. യു.ഡി.എഫിന്റെ തീരുമാനമായിരുന്നു. നേതാക്കൾ മാറിനിന്നപ്പോൾ ഞങ്ങളുമായി ബന്ധമുള്ള സംഘടന പ്രതിനിധികളും പങ്കെടുക്കാൻ മടിച്ചതാണ്. എന്നാൽ ഇതിനായി ഇത്രയും ദൂരം വന്നവരെ നിർബന്ധിച്ച് അയച്ചതാണ്. ഞങ്ങൾ പോകേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ അവർ പോകുമായിരുന്നില്ല. രണ്ട് സഭകൾ നടന്നിട്ടും എന്തെല്ലാം ചെയ്തു എന്നത് വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സംബന്ധിച്ച വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല. ഒരു യുക്തിയുമില്ലാത്ത ചെലവാണ് ഹാളുമായി ബന്ധപ്പെട്ട് നടത്തിയത്' - വി.ഡി സതീശൻ പറഞ്ഞു.
സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിൽ ദുഖമുണ്ടെന്നാണ് കഴിഞ്ഞ ദിവസം എം.എ യൂസഫലി പറഞ്ഞത്. ലോക കേരള സഭ വലിയ ധൂർത്താണെന്ന ആക്ഷേപം അദ്ദേഹം തള്ളി. ലാേക കേരള സഭയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം വിമർശനങ്ങളെ തളളിക്കളഞ്ഞത്. പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത് എന്നും യൂസഫലി ചോദിച്ചു.
'പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം. ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? ധൂർത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. കെ.എം.സി.സി നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കൾ ഇല്ല, അണികൾ ഇല്ലെങ്കിൽ പിന്നെന്ത് നേതാക്കൾ'-യൂസഫലി ചോദിച്ചു.
പൊതുസമ്മേളനത്തിലും പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തില്ല. ധൂർത്തും ആഡംബരവും ഒഴിവാക്കണം, കഴിഞ്ഞ രണ്ട് സഭകളിലും കൈക്കൊണ്ട തീരുമാനങ്ങളുടെ നടത്തിപ്പ് റിപ്പോർട്ട് വേണം, പ്രതിപക്ഷ പ്രവാസി സംഘടനകൾക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണം തുടങ്ങി പ്രതിപക്ഷനേതാവ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്ക് മറുപടിയൊന്നും ലഭിക്കാത്തതിനാലാണ് തീരുമാനമെന്നാണ് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞിരുന്നത്.