police

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല.

മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. മടത്തുവിളാകം, മണികണ്‌ഠേശ്വരം വാര്‍ഡുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിജയിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്‌ചയ‌ായി കാണാനില്ലായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നു.

ശനിയാഴ്ച രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കാന്‍ എത്തിയ ആൾ രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തൊന്നും തെങ്ങുകള്‍ ഇല്ലായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.