secundara

ഹൈദരാബാദ്: അഗ്നിപഥ് സ്‌കീമിനെതിരെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന ആക്രമണങ്ങളുടെ ആസൂത്രകനാണെന്ന് കരുതുന്നയാളെ പിടികൂടി. ആന്ധ്രാ പ്രദേശ് സ്വദേശിയായ സുബ്ബ റാവുവിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഒരു സ്വകാര്യ സൈനിക ഉദ്യോഗാർത്ഥി പരിശീലനകേന്ദ്രം ഡയറക്‌ടറാണ്. ആന്ധ്രാ പ്രദേശിൽ നിന്നും ഇയാളെ വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട ദമീര രാകേഷ് എന്ന യുവാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ദ് റെഡ്‌ഡിയെയും പൊലീസ് അറസ്‌റ്ര് ചെയ്‌തു.

വിവിധ അക്രമ സംഭവങ്ങളിൽ പങ്കുള‌ള 30 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ 12പേർ ആക്രമണത്തിന് നേതൃത്വം നൽകിയവരാണ്. വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് യുവാക്കളെ പ്രക്ഷോഭത്തിന് സംഘടിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിഷേധിക്കാൻ റെയിൽവേ സ്‌റ്റേഷനുകളിലെത്താനാണ് വിവിധ ഗ്രൂപ്പുകളിലൂടെ യുവാക്കളോട് ആഹ്വാനം ചെയ്‌തത്. ഈ പ്രതിഷേധമാണ് പിന്നീട് വലിയ കലാപമായി മാറിയത്.

17/6, ഹക്കീംപേട്ട് ആർമി സോൾജിയേഴ്‌സ്, സെക്കന്ദരാബാദ് റെയിൽവെ സ്‌റ്റേഷൻ ബ്ളോക്ക്‌സ് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകൾ വഴിയാണ് പ്രതിഷേധിക്കുന്നതിന് നിർദ്ദേശങ്ങൾ പോയത്. കനത്ത നാശനഷ്‌ടം വരുത്തിയ പ്രതിഷേധത്തിൽ ദമീര രാകേഷ് എന്നൊരാൾ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് തെലങ്കാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം നൽകും.