ashwini-vaishnaw

ന്യൂഡൽഹി: രാജ്യത്ത് 20-25 നഗരങ്ങളിലായി ഈവർഷം ആഗസ്‌റ്റ്-സെപ്‌തംബറിൽ 5ജി നെറ്റ്‌വർക്ക് സേവനത്തിന് തുടക്കമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണോ പറഞ്ഞു. നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ടെലികോം സേവനനിരക്ക് ഇന്ത്യയിലാണ്. 5ജി വരുമ്പോഴും നിരക്കുകൾ കുറഞ്ഞതലത്തിൽ തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ രാജ്യത്തെ 13 മുൻനിര നഗരങ്ങളിൽ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വീ, ഭാരതി എയർടെൽ എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ 5ജി സേവനം ലഭ്യമാക്കുന്നുണ്ട്. ഈ നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ 5ജി സേവനം ലഭിക്കുകയെന്നായിരുന്നു സൂചന. എന്നാൽ, തുടക്കത്തിൽ തന്നെ 20-25 നഗരങ്ങളിൽ സേവനം ഉറപ്പാക്കുമെന്ന് ഒരു ടിവി ചാനൽ ചർച്ചയിൽ മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ടെലികോം സേവനനിരക്ക് ശരാശരി രണ്ടുഡോളറാണ്. 25 ഡോളറാണ് ആഗോള ശരാശരി. 5ജിയിലും ഇതേ ട്രെൻഡ് ഇന്ത്യ നിലനിറുത്തും. സ്വന്തമായി വികസിപ്പിച്ച 5ജി ടെക്‌നോളജിയാണ് ഇന്ത്യ ഉപയോഗിക്കുന്നതെന്നാണ് സവിശേഷതയെന്നും ഈ ടെക്‌നോളജിക്കായി ഒട്ടേറെ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

10x

4ജിയേക്കാൾ 10 മടങ്ങ് വേഗമാണ് 5ജിയുടെ മുഖ്യ സവിശേഷത.

₹4.3 ലക്ഷം കോടി

മൊത്തം 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 5ജി സ്‌പെക്‌ട്രത്തിന്റെ ലേലം ജൂലായ് അവസാനവാരം നടത്താൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.