human-interest-

ന്യൂഡൽഹി : കടുത്ത ചൂടിൽ പൊരിവെയിലത്ത് റോഡിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ അപകടമൊഴിവാക്കാൻ റോഡിലെ കല്ലുകൾ അടിച്ചുവാരി നന്മയുടെ പ്രതീകമായി മാറുന്ന ട്രാഫിക് പൊലീസുകാരന്റെ വീഡിയോ ഛത്തീസ്ഗഢ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ട്വീ​റ്റ് ചെയ്തത് വൈറലായി.

ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈ​റ്റ് കത്തിനിൽക്കെ ഇരുചക്ര വാഹനയാത്രികരുടെയും മ​റ്റും സുരക്ഷയ്ക്കായി റോഡിലെ ഉരുളൻ കല്ലുകളും ചരലും ചൂലുപയോഗിച്ച് അടിച്ചുവാരി വൃത്തിയാക്കുന്ന പൊലീസുകാരനെ വീഡിയോയിൽ കാണാം. ഏതോ ലോറിയിൽ നിന്ന് റോഡിലേക്ക് ചിതറി വീണ ചല്ലികളിൽ കയറി വാഹനങ്ങൾ തെന്നി വീണ് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് ശ്രമമെന്ന് വ്യക്തമാണ്.

ഈ പൊലീസുകാരന്റെ പേരോ മ​റ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യങ്ങളിലെ വാഹനങ്ങളിലെ നമ്പർ പ്ളേറ്റുകളിൽ നിന്നും എഴുത്തുകളിൽ നിന്നും ഇത് തമിഴ്നാട്ടിലാകാം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വീഡിയോ വൈറലായതോടെ അജ്ഞാതപൊലീസുകാരന്റെ പ്രവൃത്തിയെ അഭിനന്ദിക്കാൻ നിരവധി പേരാണ് പങ്കുചേരുന്നത്.