loka

തിരുവനന്തപുരം: പ്രവാസികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഭവനപദ്ധതി തയാറാക്കണമെന്ന് നോർക്ക ഡയറക്ടറും, ഖത്തറിലെ എബിഎൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ പ്രവാസികളുടെ ക്ഷേമത്തിന് മൂന്ന് പ്രധാന പദ്ധതികൾ ജെ.കെ മേനോൻ അവതരിപ്പിച്ചു.

ഭവന പദ്ധതി, പ്രവാസികൾക്കും, കുടുംബത്തിനും ഇൻഷുറൻസ്, സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളിൽ നിക്ഷേപത്തിനവസരം എന്നീ മൂന്ന് പ്രധാന കർമ്മ പദ്ധതികളാണ് മൂന്നാം ലോക കേരള സഭയുടെ സമീപനരേഖ സംബന്ധിച്ച ചർച്ചയിൽ നോർക്ക ഡയറക്ടറും, ഖത്തറിലെ എബിഎൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ മേനോൻ അവതരിപ്പിച്ചത്.

പല പ്രവാസികളും നേരിടുന്ന പ്രശ്നമാണ് ഭവന നിർമാണ വായ്പകളിന്മേലുള്ള നിയമകുരുക്ക്. ബാങ്കുകളുടെ സാങ്കേതികത്വത്തിൽ പലപ്പോഴും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാത്ത ലക്ഷകണക്കിന് പ്രവാസികളുണ്ട്. സംസ്ഥാന സർക്കാർ പ്രവാസി വെൽഫെയർ ബോർഡുമായി സഹകരിച്ച് ഭവനപദ്ധതി തയാറാക്കിയാൽ സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസം ലഭിക്കുമെന്ന് ജെ.കെ.മേനോൻ പറഞ്ഞു.

പ്രവാസികളിൽ ഏറിയ പങ്കും ദീർഘകാലം വിദേശത്ത് തൊഴിൽ ചെയുന്നുണ്ട്. പക്ഷെ അവരുടെ വരുമാനം കേവലം സ്ഥലം വാങ്ങുക, വീടുവെയ്ക്കുക എന്നിവയിൽ മാത്രമായി ഒതുങ്ങുകയാണ്. കാര്യമായ നിക്ഷേപമോ, സാമ്പത്തിക പിൻബലമോ അതുകൊണ്ട് തന്നെ പല പ്രവാസികൾക്കുമില്ലാതെ പോകുന്നുണ്ട്.

ഇത്തരത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് ഭാവികാലത്തെ ഭദ്രമാക്കുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുള്ള പദ്ധതി തയാറാക്കണമെന്നും ജെ.കെ മേനോൻ ലോക കേരള സഭയിൽ ആവശ്യപ്പെട്ടു. നിക്ഷേപ സാദ്ധ്യതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ ഏജൻസികൾ കൂടുതൽ മികച്ച പദ്ധതികൾ തയാറാക്കണം. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളിന്മേൽ നിക്ഷേപത്തിന് സാദ്ധ്യതയുണ്ടാക്കിയാൽ നഷ്ടത്തിലായ പല കോർപ്പറേഷനുകളും ലാഭത്തിലാകുമെന്നും പ്രവാസികൾക്ക് അത് ഗുണകരമാകുമെന്നും ജെ.കെ മേനോൻ വിശദമാക്കി.

കേരളത്തിന്റെ വികസന പദ്ധതികളിൽ പ്രവാസികളുടെ അനുഭവ സമ്പത്തും, സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളിൽ വൈദഗ്ധ്യമുള്ളവരെ കണ്ടെത്തുകയും അവരുടെ സാങ്കേതിക പരിജ്ഞാനം നാടിന് ഉപയോഗപ്പെടുത്താവുന്നതാണ്.

കേരളത്തിൽ നിന്നും ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെക്ക് നിരവധി പേർ തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി കുടിയേറ്റം നടത്തുന്നുണ്ട്. ഇത്തരം കുടിയേറ്റത്തിനിടയിൽ വിദേശ പൗരത്വം ആഗ്രഹിക്കുന്നവരുമുണ്ട്. വിവിധ രാജ്യങ്ങളിലെക്ക് കുടിയേറ്റം നടത്തുന്ന മലയാളികൾക്ക് സംരക്ഷണം നൽകുന്നതിനായി പ്രവാസികൾക്ക് സമഗ്രമായ ഇൻഷുറൻസ് കവറേജ് സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കാൻ കഴിഞ്ഞാൽ വിപ്ലവകരമായ പദ്ധതിയായി മാറുമെന്ന് ജെ.കെ മേനോൻ പറഞ്ഞു. വിവിധ രോഗങ്ങൾക്കുള്ള ചികിത്സ,അപകടം,മരണം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സമഗ്രമായ ഇൻഷുറൻസ് കവറേജാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നതെന്നും ജെ.കെ.മേനോൻ വ്യക്തമാക്കി.

ലോക കേരള സഭയിൽ നിന്നും ചിലർ വിട്ടു നിന്നത് പ്രവാസികളായ ഞങ്ങൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലത്തും, പ്രളയകാലത്തും തുടങ്ങി നാടിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാവരും രാഷ്‌ട്രീയവും, മതവും, ജാതിയും മറന്ന് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണ്. പ്രവാസികൾക്ക് ഇത്തരത്തിൽ ഒരിക്കലും വിട്ടു നിൽക്കാനാകില്ല. പ്രവാസികൾക്ക് ഒരു ജാതിയും, ഒരു മതവും ഒരു രാഷ്ട്രീയമേയുള്ളു അത് പ്രവാസിയെന്ന കൂട്ടായ്മയാണെന്നും ജെ.കെ.മേനോൻ വ്യക്തമാക്കി.

പ്രവാസലോകത്തോട് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ, ആദരവ് എന്നിവയ‌്ക്ക് ഉദാഹരണമാണ് ലോക കേരള സഭയുടെ ആരംഭവും, ഇപ്പോൾ നടക്കുന്ന മൂന്നാം സമ്മേളനവും. കഴിഞ്ഞ മൂന്ന് വർഷക്കാലം നാം അഭിമുഖീകരിച്ച പ്രതിസന്ധികൾ,പ്രളയം, കൊവിഡ് തുടങ്ങി എത്രയെത്ര ദുരന്തങ്ങൾ. അതിൽ നിന്നും അതിജീവിച്ച് മുന്നോട്ടുപോവുകയാണ്. പ്രവാസികൾക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികളോട് ഏറ്റവും അനുഭാവ പൂർണ്ണമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ളതെന്നും ജെ.കെ.മേനോൻ പറഞ്ഞു. കേരളത്തിന്റെ വളർച്ചക്ക് കൂടുതൽ കരുത്തേകാൻ ലോക കേരള സഭക്ക് കഴിയട്ടെയെന്ന് ജെ.കെ.മേനോൻ ആശംസിച്ചു.