സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് ഇനി 56 നാൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ, ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തിന് സമാന്തരമായി ആയുധം കയ്യിലെടുത്ത് പടനയിച്ച് മരണത്തിന് കീഴടങ്ങിയ ധീര പടയാളികളിൽ പ്രമുഖരാണ് ഭഗത് സിംഗ് , സുഖ്ദേവ് താപ്പർ , ശിവറാം രാജ്ഗുരു എന്നിവർ .
ഇന്ത്യ - പാകിസ്ഥാൻ അതിർത്തി ഗ്രാമവും , അമൃത്സറിൽ നിന്ന് നൂറു കിലോമീറ്റർ മാറി, പഞ്ചാബിന്റെ ഉൾനാട്ടിൽ സ്ഥിതി ചെയുന്ന ഹുസ്സൈനിവാലയിലാണ് മാതൃരാജ്യത്തിനുവേണ്ടി പുഞ്ചിരിയോടെ രക്തസാക്ഷിത്വം വരിച്ച ഈ മൂന്ന് ധീര യോദ്ധാക്കൾ അന്ത്യ വിശ്രമം കൊള്ളുന്നത്. വരും തലമുറയ്ക്ക്  വിപ്ലവവീര്യം പകർന്നു നൽകിയ ഇവരുടെ ചിത എരിഞ്ഞമർന്നത് സത്ലജ് നദിക്കരയിലെ ഈ പുണ്യ ഭൂമിയിലാണ്.
1927-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലെ രാഷ്ട്രീയ പരിഷ്കാരങ്ങളെ ക്കുറിച്ച് പരിശോധിക്കാനായി നിയമിച്ച സൈമൺ കമ്മിഷനിൽ ഒരു ഇന്ത്യൻ അംഗത്തെപ്പോലും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ഇന്ത്യൻ ദേശീയ നേതാക്കളിൽ അമർഷം ഉളവാക്കി. കമ്മിഷനുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും കമ്മിഷനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധ സമരങ്ങൾക്കിടയിലുണ്ടായ ലാത്തി ചാർജിൽ ഗുരുതരമായി പരിക്കേറ്റ , പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന ലാല ലജ്പത് റായ് മരണപ്പെട്ടു.
ഈ ദാരുണ സംഭവം യുവാക്കളുടെ സമരവീര്യം വർദ്ധിപ്പിച്ചു. വായനയിലൂടെയും അനുഭവങ്ങളിലൂടെയും വിപ്ലവ വീര്യം ഉടലെടുത്ത 20 വയസു മാത്രം പ്രായമുള്ള ഭഗത് സിംഗും ശിവറാം രാജ് ഗുരുവുമടങ്ങിയ യുവ പോരാളികൾ, ലാത്തിചാർജിന് ഉത്തരവാദിയായ ബ്രിട്ടീഷ് ഓഫീസർ സ്കോട്ടിനെ വധിക്കാൻ തീരുമാനമെടുത്തു. എന്നാൽ, സ്കോട്ടിനു പകരം ആളുമാറി ജോൺ സൗന്ദേർസ് എന്ന മറ്റൊരു ഉദ്യോഗസ്ഥനെയാണ് അവർ വെടി വച്ച് വീഴ്ത്തിയത്. ആക്രമണത്തിനുശേഷം, ഭഗത് സിംഗ് ഒളിവിൽ പോകുകയും, ഒളിവിലിരുന്ന് തുടർ സമരങ്ങൾക്ക്  നേതൃത്വം നൽകുകയും നേരിട്ട് പങ്കെടുക്കുകയും ചെയ്തു.
അതിന്റെ ഭാഗമായി 1929 ഏപ്രിൽ 8 ന് ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിക്കുള്ളിലേക്ക് ഭഗത് സിംഗും, ബടുകേശ്വർ ദത്തും  ഓരോ  ബോംബുകൾ എറിഞ്ഞു. ആളപായമുണ്ടായില്ലെങ്കിലും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്കെതിരെ ജോൺ സൗന്ദേഴ്സിന്റെ കൊലപാതക കുറ്റം ചുമത്തുകയും വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
1931 മാർച്ച് 24ന് തൂക്കിലേറ്റാൻ പദ്ധതിയിട്ടെങ്കിലും ഇന്ത്യക്കാരുടെ സമരവീര്യം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി. തീരുമാനിച്ച ദിവസത്തിന്റെ തലേ ദിവസം വൈകിട്ട് ഏഴരയ്ക്ക് ലാഹോർ ജയിലിൽ വച്ച് ഇവരെ തൂക്കിലേറ്റി. കലാപം ഭയന്ന് , രാത്രിയിൽ ജയിലിന്റെ പിൻഭിത്തി പൊളിച്ച ശേഷം മൃതദേഹങ്ങൾ നദിക്കരയിൽ ദഹിപ്പിക്കുകയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു ..! ഇന്ത്യ പാക് വിഭജനത്തിൽ ഹുസ്സൈനിവാല പാകിസ്ഥാന്റെ ഭാഗമായി. എന്നാൽ 1961ൽ അന്നത്തെ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്റു ഇടപെട്ടതിനെ തുടർന്ന് ഇന്ത്യയിലെ പന്ത്രണ്ട് ഗ്രാമങ്ങൾ പാകിസ്ഥാന് വിട്ടു കൊടുത്ത് , ധീര യുവാക്കളുടെ രക്തം വീണ മണ്ണായ ഹുസ്സൈനിവാല ഇന്ത്യ സ്വന്തമാക്കി. 1968ൽ ഇവിടെ ദേശീയ രക്തസാക്ഷി സ്മാരകം നിർമ്മിക്കപ്പെട്ടു. ഭഗത് സിംഗ്, സുഖ്ദേവ് താപ്പർ , ശിവറാം രാജ്ഗുരു എന്നിവരുടെ പൂർണകായ പ്രതിമകൾക്ക് മുന്നിൽ ഒരു കെടാവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. തലമുറകളെ, ജ്വലിക്കുന്ന വിപ്ലവ വീര്യം ഓർമ്മിപ്പിക്കുന്ന കെടാവിളക്ക് .
ഭഗത്സിംഗിന്റെ മറ്റൊരു കൂട്ടാളിയായിരുന്ന ബടുകേശ്വർ ദത്തിനെയും , പഞ്ചാബി മാതാ എന്നറിയപ്പെടുന്ന ഭഗത് സിംഗിന്റെ അമ്മ വിദ്യാവതിയെയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്.ബോംബെയ്ക്കും പെഷവാറിനും ഇടയിൽ ഓടിയിരുന്ന പഞ്ചാബ് മെയിൽ തീവണ്ടിയുടെ ബോഗി ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഭഗത് സിംഗിന്റെ ഓർമ്മ നിലനിർത്താൻ എല്ലാ വർഷവും മാർച്ച് 24 ശഹീദ് ആയി ആചരിക്കുകയും , ഹുസ്സൈനിവാലയിൽ ശഹീദ് മേള സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. കത്തിച്ചു വച്ച കെടാവിളക്കിലെ അഗ്നിനാളങ്ങൾ എന്നും ജ്വലിച്ചു നിൽക്കട്ടെ.