അൻപത്തിമൂന്നു വർഷം പിന്നിടുന്നഅഭിനയയാത്രയിൽ കടുവ എന്ന ചിത്രത്തിലൂടെ ആദ്യമായി പൃഥ്വിരാജ് 
സിനിമയിൽ സീമ

വർഷത്തിൽ ഒരു സിനിമ. പത്ത് പതിനഞ്ചുവർഷമായി സീമ എന്ന അഭിനേത്രിയുടെ വെള്ളിത്തിരയിലെ യാത്ര ഇങ്ങനെയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം ഇൗമാസം 30ന് തിയേറ്ററിൽ എത്തുമ്പോൾ അതിൽ പ്രേക്ഷകർക്ക് സീമയെ കാണാം. സുകുമാരന്റെ ഒട്ടനവധി സിനിമകളിൽ നായികയായി അഭിനയിച്ച സീമ ഇതാദ്യമായി പൃഥ്വിരാജ് ചിത്രത്തിൽ. അൻപത്തിമൂന്നുവർഷം പിന്നിടുന്ന അഭിനയ യാത്രയുടെ വിശേഷങ്ങൾ സീമ വാരാന്ത്യ കൗമുദിയോട് പങ്കുവയ്ക്കുന്നു.
കടുവ എന്ന സിനിമയും കഥാപാത്രവും നൽകുന്ന പ്രത്യേകത ?
നല്ല കഥാപാത്രം. വിവേക് ഒബ്റോയിയുടെ അമ്മവേഷം .ആറേഴ് സീനുണ്ട്. പൃഥ്വിരാജിനൊപ്പം മാത്രമല്ല, ഷാജി കൈലാസിന്റെ സിനിമയിലും ആദ്യമാണ്. സുകുവേട്ടന്റെ (സുകുമാരൻ) നായികയായി പതിനാലു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജുമോനെ (പൃഥ്വിരാജ് ) കുട്ടിക്കാലം മുതൽ കാണുന്നതാണ്. രാജുവിന്റെ കൂടെ കോമ്പിനേഷനാണ് എല്ലാ സീനും. ആദ്യമായി രാജുവിന്റെ കൂടി അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. കഥാപാത്രത്തെപ്പറ്റി മാത്രമേ ഞാൻ ചോദിക്കാറുള്ളു. തുടക്കം മുതൽ ഇതുവരെ ഒരു സംവിധായകനോടും കഥ ചോദിച്ചിട്ടില്ല. സംവിധായകൻ കഥ അറിഞ്ഞാൽ മതി. താരങ്ങൾ അറിയേണ്ടത് കഥാപാത്രത്തെയാണെന്നാണ് എന്റെ അഭിപ്രായം. ശശിയേട്ടനാണെങ്കിൽ കഥാപാത്രത്തെപ്പറ്റിയും പറഞ്ഞുതരുമായിരുന്നില്ല.
അരനൂറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതം?
ദൈവം ഇപ്പോഴും എന്നെ മുന്നോട്ടുകൊണ്ടുപോകുന്നല്ലോ എന്നതിലാണ് സന്തോഷം.1969ൽ റിലീസ് ചെയ്ത അച്ഛന്റെ ഭാര്യ എന്ന ആദ്യ സിനിമ അടുത്തിടെയാണ് കണ്ടത്. ബേബി ശാന്തി എന്ന് ടൈറ്റിലിൽ പേരുണ്ട്. ഇതേവരെ ഇല്ലാത്ത സന്തോഷം ബേബി ശാന്തി എന്ന പേര് കണ്ടപ്പോൾ തോന്നി. പാല തങ്കത്തിന്റെ മകളുടെ വേഷമായിരുന്നു. അന്ന് എനിക്ക് പന്ത്രണ്ട് വയസാണ്. അച്ഛന്റെ ഭാര്യ മുതൽ കടുവ വരെ എത്ര എത്ര സിനിമകൾ.
സംസ്ഥാന അവാർഡ് ലഭിക്കാതെ പോയതിൽ വിഷമമുണ്ടോ?
ജനങ്ങളുടെ ഹൃദയാംഗീകാരമുണ്ട്. അത് കേരളത്തിൽ വന്നാൽ ലഭിക്കും. അതിനേക്കാൾ വലിയ അംഗീകാരമില്ല. അവാർഡ് തന്നാൽ വാങ്ങില്ല. പ്രേക്ഷകരുടെ അംഗീകാരം മരിക്കുന്നതുവരെ ലഭിക്കണം. അവാർഡ് അന്നും ആഗ്രഹിച്ചില്ല.സിനിമയിൽ വരുമെന്നോ ഐ.വി. ശശി എന്ന സംവിധായകനെ വിവാഹം കഴിക്കുമെന്നോ പ്രതീക്ഷിച്ചതല്ല. ഇൗ ജീവിതം ഇങ്ങനെ പോയാൽ മതി. ഞാനുമായി അടുത്ത ബന്ധമുള്ളവർക്ക് അത് അറിയാം.
അവളുടെ രാവുകളിലെ രാഗേന്ദുകിരണങ്ങൾ എന്ന ഗാനം കാളർ ടോൺ ?
വിളിക്കുന്നവർക്ക് എന്നെ പെട്ടെന്ന് ഒാർമ്മവരും. നാല്പത്തിയഞ്ചുവർഷമായി അവളുടെ രാവുകൾ പുറത്തിറങ്ങിയിട്ട്. ഇൗ പാട്ട് കേൾക്കാത്ത ദിവസമല്ല. ഏതെങ്കിലും പ്രോഗ്രാമിന് പോയാൽ എന്നെ കണ്ടാൽ രാഗേന്ദു കിരണങ്ങൾ, അല്ലെങ്കിൽ കണ്ണും കണ്ണും എന്നീ ഗാനങ്ങൾ അപ്പോൾ കേൾക്കാം. പാട്ട് കേൾക്കുന്ന നിമിഷം ഇന്നലെകളിലേക്ക് പോവാറില്ല. ഇന്നലെകൾ കഴിഞ്ഞു. അടുത്തനിമിഷം ഇവിടെ ഉണ്ടാകുമോ എന്ന് അറിയില്ല. അതിനാൽ നാളെയെപ്പറ്റി ആലോചിക്കാറില്ല. ജീവിതത്തെ പ്രാക്ടിക്കലായി സമീപിക്കുന്നു.
വർഷത്തിൽ ഒരു സിനിമ മാത്രം?
വിളിച്ചാൽ അഭിനയിക്കും. മാറി നിൽക്കുന്നില്ല. സീമചേച്ചി ചെയ്താൽ നന്നായിരിക്കുമെന്ന സന്തോഷത്തോടെ വിളിക്കുന്നത് എന്റെ ഭാഗ്യമായി കരുതുന്നു.