lamp

വീട്ടിൽ പൂജാമുറിയിൽ വിളക്കുവയ്‌ക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സാധാരണ ദിവസങ്ങളിൽ കിഴക്കും പടിഞ്ഞാറുമായി തിരിതെറുത്ത് ഓരോന്നുവീതം കത്തിച്ചാൽ മതി. എന്നാൽ വിശേഷ അവസരങ്ങളിൽ നിലവിളക്കിൽ അഞ്ച് മുതൽ ഏഴ് തിരികളാണ് വേണ്ടത്. തിരിതെറുക്കാനുള‌ള തുണി അലക്കി ശുദ്ധമാക്കിയത് വേണം. കത്തിക്കാൻ ഉപയോഗിക്കുന്ന എണ്ണ മൃഗക്കൊഴുപ്പ് അടങ്ങിയതോ, വെള‌ളമയമുള‌ളതോ, പാചകത്തിന് ഉപയോഗിക്കുന്ന തരമോ ആകരുത്. മാത്രമല്ല തലമുടി പോലെയുള‌ള വസ്‌തുക്കൾ അതിലുണ്ടാകരുത്.

പ്രധാനവിളക്കിലേക്ക് തീപ്പെട്ടികൊണ്ട് നേരിട്ട് തിരികൊളുത്താൻ പാടില്ല. പകരം ചെരാതിലോ ചെറിയ കൊടിവിളക്കിലോ കൊളുത്തി അതിൽനിന്നുവേണം വിളക്ക് കൊളുത്താൻ. അഞ്ച് അല്ലെങ്കിൽ ഏഴ് തിരി വിശേഷദിവസം വേണം എന്ന് പറയുന്നതിന് കാരണമുണ്ട്. ഒരു തിരി മാത്രമെങ്കിൽ വീട്ടിലുള‌ളവർക്ക് അസുഖമുണ്ടാകാം, രണ്ട് തിരിയാണ് സാധാരണ കത്തിക്കുക ഇത് ധനാഗമനത്തിന് ഉചിതമാണ്. മൂന്ന് തിരിയിട്ടാൽ കുടുംബത്തിൽ പ്രശ്‌നമുണ്ടാകും. നാല് തിരി ദാരിദ്ര്യകാരകമാണ്. അഞ്ചോ ഏഴോ തിരിയായാലോ ഐശ്വര്യവും സമ്പൽ സമൃദ്ധിയ്‌ക്കും യോജിച്ചതാണത്. പ്രദക്ഷിണമായി വേണം തിരി കൊളുത്താൻ. വൃത്തിയാക്കിയ വിളക്ക് സന്ധ്യയ്‌ക്കും അടുത്ത ദിവസം പ്രഭാതത്തിലും കൊളുത്തുന്നതിൽ തെറ്റില്ല. തെക്ക് കിഴക്ക് ദിക്കിൽ നിന്ന് വിളക്ക് തൊഴുന്നതാണ് ഐശ്വര്യത്തിന് നല്ലത്.