
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനാണ് ഇ.ഡിയുടെ നീക്കം.
കസ്റ്റംസിന് മറ്റു രണ്ടുകേസുകളിൽ സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കുന്നുണ്ട്. നേരത്തെ നൽകിയ പലവവിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് ഇ.ഡിയുടെ നീക്കം.
ഇ.ഡി കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്തപ്പോൾ ലഭിക്കാത്ത പുതിയ വിവരങ്ങൾ സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടാനാണ് ഇ.ഡിയുടെ ശ്രമം.