ep-jayarajan

കണ്ണൂർ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനും ചേർന്നാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴായിരുന്നു ജയരാജൻ ആരോപണം ഉന്നയിച്ചത്. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ ലക്ഷ്യമെന്നും അക്രമികളെ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ തന്റെ കുട്ടികൾ എന്നാണ് വിളിച്ചതെന്നും ജയരാജൻ പറഞ്ഞു. ഈ സംഭവത്തിൽ വി ഡി സതീശനും സുധാകരനും ഗൂഢാലോചന നടത്തിയതായും ജയരാജൻ ആരോപിച്ചു.
കോൺഗ്രസിലെ ഒരു വിഭാഗം വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും എന്നാൽ മുസ്ലീം ലീഗിനോ മറ്റ് ഘടകകക്ഷികൾക്കോ ഇതിൽ പങ്കുള്ളതായി കരുതുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. കോൺഗ്രസ് ഓഫീസിനുള്ളിൽ സോണിയ ഗാന്ധിയുടെ ചിത്രത്തിന് പകരം സ്വപ്ന സുരേഷിന്റെ ചിത്രമാണുള്ളതെന്നും സി ബി ഐയും എൻ ഐ എയും ഒരു തെളിവുമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ കേസിന്റെ പിറകേയാണ് പ്രതിപക്ഷം ഇപ്പോൾ നടക്കുന്നതെന്നും ജയരാജൻ പറ‌ഞ്ഞു.

ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് ലോക കേരള സഭ. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്‌കരിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.