
മാനന്തവാടി: കടയിൽ മോഷ്ടിക്കാൻ കയറിയിട്ട് ഒന്നും കിട്ടാതെ വന്നപ്പോൾ 'പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാടാ ഡോർ പൂട്ടിയിട്ടത്' എന്ന് കുറിപ്പെഴുതിവച്ചുപോയ കള്ളൻ പൊലീസിന്റെ വലയിലായി. നാൽപ്പതുകാരനായ പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് കള്ളൻ. കള്ളന്റെ കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞയാഴ്ച കുന്ദംകുളത്തെ വ്യാപര സമുച്ചയത്തിലെ മൂന്ന് കടകളിൽ ഇയാൾ കയറിയിരുന്നു. ഒരു കടയിൽ നിന്ന് 12,000 രൂപയും മറ്റൊരു കടയിൽ നിന്ന് 500 രൂപയും മോഷ്ടിച്ചു. മൂന്നാമത്തെ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴാണ് കുറിപ്പെഴുതി വച്ചത്.
കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി വിവരം ലഭിച്ചു. അവിടെ നിന്ന് മാനന്തവാടി സി.ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ്. കൽപ്പറ്റ, കൊയിലാണ്ടി, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, ബത്തേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.