
തിരുവനന്തപുരം: സൈന്യത്തിലേക്ക് നാലു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആളെ എടുക്കുന്ന അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ പദ്ധതിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്ത് യുവാക്കളുടെ വികാരമാണെന്ന് പിണറായി ട്വിറ്ററിൽ കുറിച്ചു. രാജ്യതാത്പര്യം മുൻനിർത്തി അഗ്നിപഥ് നിർത്തിവയ്ക്കാനും വിമർശനങ്ങളും ആശങ്കകളും പരിഹരിക്കാൻ നടപടിയെടുക്കാനും പിണറായി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Protests erupting against the Agnipath Scheme is a clear indication of the sentiments of India's youngsters. In the interest of our country, requested the Hon.@PMOIndia to put the scheme on hold, address criticism by professionals and duly consider the apprehensions of our youth.
— Pinarayi Vijayan (@pinarayivijayan) June 18, 2022
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അഗ്നിപഥ് സ്‌കീമിനെതിരെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന ആക്രമണങ്ങളുടെ ആസൂത്രകനാണെന്ന് കരുതുന്നയാളെ പിടികൂടി. ആന്ധ്രാ പ്രദേശ് സ്വദേശിയായ സുബ്ബ റാവുവിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഒരു സ്വകാര്യ സൈനിക ഉദ്യോഗാർത്ഥി പരിശീലനകേന്ദ്രം ഡയറക്‌ടറാണ്. ആന്ധ്രാ പ്രദേശിൽ നിന്നും ഇയാളെ വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട ദമീര രാകേഷ് എന്ന യുവാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ദ് റെഡ്‌ഡിയെയും പൊലീസ് അറസ്‌റ്ര് ചെയ്‌തു.
വിവിധ അക്രമ സംഭവങ്ങളിൽ പങ്കുളള 30 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ 12പേർ ആക്രമണത്തിന് നേതൃത്വം നൽകിയവരാണ്. വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് യുവാക്കളെ പ്രക്ഷോഭത്തിന് സംഘടിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിഷേധിക്കാൻ റെയിൽവേ സ്‌റ്റേഷനുകളിലെത്താനാണ് വിവിധ ഗ്രൂപ്പുകളിലൂടെ യുവാക്കളോട് ആഹ്വാനം ചെയ്‌തത്. ഈ പ്രതിഷേധമാണ് പിന്നീട് വലിയ കലാപമായി മാറിയത്.
17/6, ഹക്കീംപേട്ട് ആർമി സോൾജിയേഴ്‌സ്, സെക്കന്ദരാബാദ് റെയിൽവെ സ്‌റ്റേഷൻ ബ്ളോക്ക്‌സ് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകൾ വഴിയാണ് പ്രതിഷേധിക്കുന്നതിന് നിർദ്ദേശങ്ങൾ പോയത്. കനത്ത നാശനഷ്‌ടം വരുത്തിയ പ്രതിഷേധത്തിൽ ദമീര രാകേഷ് എന്നൊരാൾ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് തെലങ്കാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം നൽകും.