
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് നടൻ വിജയ് ബാബുവിനെതിരെ പരാതി നൽകിയ അതിജീവിതയുടെ വെളിപ്പെടുത്തൽ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അതിജീവിത ഇക്കാര്യം തുറന്നുപറഞ്ഞത്.
റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗിക കൈയേറ്റം നേരിട്ട ആൺകുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും സിനിമാ മേഖലയിൽ ചിലരാൽ ദുരുപയോഗിക്കപ്പെടുകയാണെന്നും അതിജീവിത പറഞ്ഞു, റെപ്യൂട്ടേഷൻ ഭയന്നാണ് പലരും ഇക്കാര്യം തുറന്നുപറയാത്തതെന്നും നടി വെളിപ്പെടുത്തി. എന്നാൽ മലയാള സിനിമയിൽ ഒരുപാട് നല്ല മനുഷ്യരുണ്ടെന്നും ചൂഷണം ചെയ്യുന്നവരാണ് ഈ ഇൻഡസ്ട്രിയെ മോശമാക്കുന്നതെന്നും ഇവർ തുറന്നു കാട്ടപ്പെടണമെന്നും അതിജീവിത പറഞ്ഞു.
നടനും നിർമാതാവുമായ വിജയ് ബാബു ബലാത്സംഗ കേസ് ഒഴിവാക്കാൻ ഒരു കോടി രൂപ വാഗ്‌ദാനം ചെയ്തതായും അഭിമുഖത്തിൽ നടി പറഞ്ഞു. വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസൊതുക്കാൻ പണം വാഗ്‌ദാനം ചെയ്‌തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. .തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഏത് പെണ്ണിനാണ് കണ്ടുനിൽക്കാനാകുക. വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നൽകിയത്. പരാതി നൽകണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അയാളിൽ നിന്ന് അകലാൻ ശ്രമിച്ചപ്പോൾ നീ ഇനി സിനിമാ മേഖലയിൽ നിലനിൽക്കില്ലെന്നും അനുഭവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പണവും സ്വാധീനവുമുള്ളതിനാൽ എന്തും ചെയ്യാമെന്നുള്ള അയാളുടെ അഹങ്കാരം മാറ്റണമെന്ന് ഉണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നും പറഞ്ഞ് അയാൾ കെഞ്ചിയിട്ടുണ്ട്. എന്റെ ആരോപണം വ്യാജമായിരുന്നെങ്കിൽ ആ ഡീലിന് നിന്നുകൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്നും നടി ചോദിച്ചു