
മുൾട്ടാൻ: വനിതാ താരത്തെ ലൈെംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ നാഷണൽ ലെവൽ കോച്ചായ നദീം ഇക്ബാലിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. കുറച്ച് വർഷങ്ങൾക്ക് മുൻപ് മുൾട്ടാനിൽ പി.സി.ബി നടത്തിയ വനിതാ താരങ്ങളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനെത്തിയ തന്നെ പരിശീലക സംഘത്തിലുണ്ടായിരുന്ന നദീം സെലക്ഷൻ ഉറപ്പായും നൽകാമെന്നും ബോർഡിൽ ജോലി വാഗ്ദാനം ചെയ്തും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
നദീമിന്റെ കൂട്ടുകാരും പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി നൽകിയ പരാതിയിലുണ്ട്. 2014ൽ മുൾട്ടാനിലെ ഒരു ക്രിക്കറ്റ് ക്ലബിന്റെ അധികൃതർ ലൈഗീകമായി പീഡിപ്പിച്ചെന്ന് അഞ്ച് വനിതാ താരങ്ങൾ ആരോപിച്ചിരുന്നു.
50 കാരനായ നദീം 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള പാകിസ്ഥാനിൽ അറിയപ്പെടുന്ന പേസ് ബൗളറായിരുന്നു. ഒരുകാലത്ത് വഖാർ യൂനിസിനെക്കാളും മികച്ച ബൗളർ എന്ന പേരെടുത്തിരുന്ന നദീമിന് പക്ഷേ ഒരിക്കൽ പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ സാധിച്ചിട്ടില്ല. വഖാർ യൂനിസിന്റെ അതേ പ്രവിശ്യയിൽ നിന്നും വരുന്ന നദീം ന്യൂ ബാളിൽ സ്വിംഗ് കണ്ടെത്തുന്നതിൽ അഗ്രഗണ്യനായിരുന്നു. 80 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്നായി 258 വിക്കറ്റുകൾ നദീം വീഴ്ത്തിയിട്ടുണ്ട്.