sai
നന്ദിനി മോഹനും ,ഉണ്ണിമായ ഉണ്ണികൃഷ്ണനും

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ സ്‌ത്രീ കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ നോർക്കയുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ലോക കേരളസഭയിലെ വനിതാ പ്രതിനിധികളുടെ ആവശ്യം. സൗദിയിൽ നിന്നെത്തിയ നന്ദിനി മോഹനും കുവൈറ്റിൽ നിന്നെത്തിയ ഉണ്ണിമായ ഉണ്ണിക്കൃഷ്‌ണനുമാണ് കേരളകൗമുദിയോട് മനസുതുറന്നത്.

ലോക കേരളസഭ വിഷയം അവതരിപ്പിക്കാനുള്ള ഇടമാണ്. സർക്കാരുകൾ മാറിയാലും ഇത് തുടരണം. പ്രവാസികളായ സ്‌ത്രീകളുടേയും കുട്ടികളുടേയും ബുദ്ധിമുട്ടുകൾ സർക്കാരിന് മനസിലാക്കാൻ കഴിയുന്ന അവസരമാണിത്. അതുകൊണ്ടാണ് കൈയിൽ നിന്ന് പണം മുടക്കി തങ്ങളെത്തിയത്.

ഏജൻസികളിലൂടെ ഗൾഫിൽ ജോലിയ്‌ക്കെത്തുന്ന സ്‌ത്രീകളാണ് കൂടുതലും ചൂഷണത്തിന് വിധേയരാകുന്നത്. നഴ്‌സിംഗ് മേഖലയിലുള്ളവരാണ് കൂടുതൽ ചൂഷണം അനുഭവിക്കുന്നത്. വീട്ടുജോലിക്കാരായ ധാരാളം മലയാളികൾ ഗാർഹിക പീഡനം നേരിടുന്നുണ്ട്. ഇത് തടയാൻ നോർക്കയുടെ ഹെൽപ്പ് ഡെസ്‌ക്ക് സജീവമാകണം. ഏജൻസികൾക്ക് പകരം നോർക്ക നേരിട്ട് നടത്തുന്ന റിക്രൂട്ടിംഗുകൾ ശക്തമാക്കണം. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സർക്കാർ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കണം.

മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി വിദ്യാസമ്പന്നരായ സ്‌ത്രീകളാണ് ഗൾഫിലേക്ക് അധികവുമെത്തുന്നത്. കമ്പനികളിലെ ഒഴിവുകൾ കൃത്യമായി രജിസ്റ്റർ ചെയ്‌ത് വെബ്‌സൈറ്റ് വഴി ജനത്തെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് നന്ദിനിയും ഉണ്ണിമായയും ആവശ്യപ്പെട്ടു.