sanju-samson

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും അയർലാൻഡിനെതിരായ ടി ട്വന്റി പരമ്പരയിൽ കളിക്കാൻ സാദ്ധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മറ്റ് അനേകം ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ താനും സഞ്ജുവിന്റെ ബാറ്റിംഗിന്റെ വലിയൊരു ആരാധകനാണെന്നും എങ്കിൽ പോലും സഞ്ജുവിനെയും രാഹുൽ ത്രിപാഠിയേക്കാളും അയർലാൻഡിനെതിരെ കളിക്കാൻ കൂടുതൽ യോഗ്യത ദീപക് ഹൂഡയ്ക്കാണെന്ന് ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ കൂടിയായിരുന്നു ചോപ്രയുടെ പ്രതികരണം.

ടീം ഘടനയനുസരിച്ച് ഓപ്പണർമാരുടെ റോളിൽ റിതുരാജ് ഗെയ്ക്‌വാദും ഇഷാൻ കിഷനും ഇറങ്ങുമെന്നും മൂന്നാമനായി സൂര്യകുമാർ യാദവും എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. പിന്നെയുള്ള നാലാം നമ്പറിലേക്ക് സഞ്ജു, രാഹുൽ ത്രിപാഠി, ദീപക് ഹൂ‌‌ഡ എന്നീ മൂന്ന് താരങ്ങളാണ് മത്സരത്തിനുള്ളതെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇതിൽ ദീപക് ഹൂഡ കളിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും കാരണം കഴിഞ്ഞ സീരീസിലും അവസരം കിട്ടാത്തതിനാൽ സഞ്ജുവിനെക്കാളും അർഹത ഹൂ‌ഡയ്ക്കാണെന്നും ചോപ്ര പറയുന്നു.

അതിനാൽ തന്നെ ഈ സീരീസിൽ സഞ്ജുവിനും ത്രിപാഠിയ്ക്കും അവസരം ലഭിക്കാൻ സാദ്ധ്യതയില്ലെന്നും ചോപ്ര പറയുന്നു. കാരണം വെറും രണ്ട് ടി ട്വന്റികളാണ് കളിക്കുന്നതെന്നും ടീമിൽ എത്രമാത്രം മാറ്റങ്ങൾ വരുത്താൻ മാനേജ്മെന്റിന് സാധിക്കുമെന്നും മുൻ ഇന്ത്യൻ ഓപ്പണർ കൂടിയായ ചോപ്ര ചോദിച്ചു. അയർലൻഡിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സ്വിംഗ് ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ അക്സർ പട്ടേലിന് പകരം വേണമെങ്കിൽ വെങ്കിടേഷ് അയ്യറിനെ പരീക്ഷിക്കാവുന്നതാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. ടീമിലെ മറ്റ് സ്ഥാനങ്ങളെല്ലാം മാറ്റമില്ലാത്തവ ആണെന്നും നല്ല ഒരു ടൂർണമെന്റ് ഇന്ത്യൻ താരങ്ങൾക്ക് ആശംസിക്കുന്നെന്നും ചോപ്ര പറഞ്ഞു.