anitha-pullayil

കൊച്ചി: ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ പ്രവാസി വനിത അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിൽവച്ചാണ് ചോദ്യം ചെയ്‌തത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്താണ് അനിത പുല്ലയിൽ.

മോന്‍സണെതിരെ ബലാത്സംഗ പരാതി നല്‍കിയ പെൺകുട്ടിയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടെന്നാണ് അനിതയ്‌ക്കെതിരെയുള്ള ആരോപണം. പെൺകുട്ടി തന്നെയാണ് അനിതക്കെതിരെ പരാതി നല്‍കിയത്. തൃശ്ശൂർ സ്വദേശിയായ അനിത പുല്ലയിൽ ഇറ്റലിയിലെ റോമിലാണ് താമസം. അവിടെ പ്രവാസി മലയാളി അസോസിയേഷൻ പ്രവർത്തകയാണ്.


അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭയിൽ എത്തിയതിൽ ദുരൂഹത തുടരുന്നു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലും ചേർന്നുള്ള സഭാ ടി.വി. ഓഫീസിലുമെല്ലാം ഉണ്ടായിരുന്ന അനിത സമ്മേളന പ്രതിനിധി അല്ലെന്നാണ് സംഘാടകരായ നോർക്ക നൽകുന്ന വിശദീകരണം.

സഭാംഗമോ നടത്തിപ്പ് ടീമംഗമോ അല്ലാത്തയാൾ മന്ദിരത്തിൽ പ്രവേശിച്ചത് ദുരൂഹമാണ്. നോർക്കയുടെ പാസുള്ളവരെ മാത്രമാണ് നിയമസഭാ ഗേറ്റിലും മന്ദിരത്തിലേക്കും സമ്മേളന ഹാളിലേക്കുമെല്ലാം പ്രവേശിപ്പിക്കുന്നത്. ഇതൊന്നുമല്ലാത്ത അനിത പുല്ലയിൽ എങ്ങിനെ ഇവിടെല്ലാം എത്തി എന്നതിന് വിശദീകരണമില്ല.