
മാനന്തവാടി: കടയിൽ മോഷ്ടിക്കാൻ കയറിയിട്ട് ഒന്നും കിട്ടാതെ വന്നപ്പോൾ 'പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാടാ ഡോർ പൂട്ടിയിട്ടത്' എന്ന് കുറിപ്പെഴുതിവച്ചുപോയ കള്ളൻ പിടിയിൽ. നാൽപ്പതുകാരനായ പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് കള്ളൻ. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിൽ പൂട്ട് തകർത്ത് കയറിയിട്ടും സ്ഥാപനത്തിൽ നിന്നും ഒന്നും കിട്ടാത്തതിന്റെ നിരാശയിലാണ് ഇയാൾ കുറിപ്പ് എഴുതിയത്.
വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിലാണ് ഇയാൾ കയറിയത്. കടകളുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ കള്ളന് ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. എന്നാൽ മൂന്നാമത്തെ കടയില്‍ നിന്ന് പണമൊന്നും കിട്ടിയില്ല. ഒരു ജോഡി ഡ്രസ് മാത്രമാണ് കള്ളൻ ഇവിടെ നിന്നും എടുത്തത്.

ഈ കടയ്ക്ക് ചില്ലുവാതിലായിരുന്നു. ഇത് തകർത്താണ് കള്ളന്‍ അകത്തു കയറിത്. കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. ഇതോടെയാണ് നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്ത ശേഷം ചില്ലു കഷണത്തില്‍ സന്ദേശം എഴുതിയത്.
‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’.- ചില്ലുകഷ്‌ണത്തിൽ കള്ളൻ എഴുതി.കള്ളന്റെ കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മോഷണത്തിനുശേഷം ആശുപത്രികൾ കേന്ദ്രീകരിച്ചാണ് വിശ്വരാജ് ദേഹശുദ്ധി വരുത്തിയിരുന്നത്. ഇടയ്ക്ക് ഡോക്ടറെ കണ്ട് പരിശോധനയും നടത്തുന്ന രീതിയായിരുന്നു ഇയാളുടേത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി വിവരം ലഭിച്ചു. അവിടെ നിന്ന് മാനന്തവാടി സി.ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ്. കൽപ്പറ്റ, കൊയിലാണ്ടി, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, ബത്തേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.