covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കണക്കിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. മൂന്ന് മാസത്തിനിടെ ഇന്നലെ ആദ്യമായി 13,000ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്ന് 12,899 പേർക്കാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. 15 മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് ആരംഭിച്ച ശേഷം ഇതുവരെ 43,296,692 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇപ്പോൾ രാജ്യത്തെ ആക്‌ടീവ് കേസുകൾ 72,474 ആണ്. 8518 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.62 ശതമാനമായി. നിലവിൽ രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനമാണ്. പ്രതിവാര നിരക്ക് 2.50 ആണ്. 5,24,855 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കൊവിഡ് കണക്കിൽ വർദ്ധന രേഖപ്പെടുത്തിയ വിവിധ സംസ്ഥാനങ്ങളിലെ ജില്ലകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും ജനിതക ഘടനാ പരിശോധനയ്‌ക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലവിൽ പടർന്നുപിടിക്കുന്നത് ഒമിക്രോണും അതിന്റെ വകഭേദങ്ങളായ ബിഎ.2, ബിഎ.2.38 എന്നിവയാണ്.

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്ക് പരിശോധിച്ചാൽ ഏറ്റവും മുന്നിൽ മഹാരാഷ്‌ട്രയാണ്. 3883 കേസുകൾ. രണ്ടാമത് കേരളം 3376 കേസുകൾ. മൂന്നാമത് ഡൽഹി 1534 കേസുകൾ. എന്നാൽ മഹാരാഷ്‌ട്രയിലും ഡൽഹിയിലും കൊവിഡ് കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങളിൽ കൂടുതൽ ഇന്നും കേരളത്തിലാണ്. 15 മരണങ്ങളിൽ 11ഉം കേരളത്തിലാണ്.