shinoj

തൃശൂർ: വിവാഹ വാഗ്ദ്ധാനം നൽകി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വർണാഭരണങ്ങളും കവരുന്ന യുവാവ് അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽ വീട്ടിൽ ഷിനോജ് (35) ആണ് പിടിയിലായത്.


വിവാഹമോചിതനായ ഷിനോജിന് പത്ത് മാസം പ്രായമായ ഒരു കുട്ടിയുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെയാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്. അരുൺ ശശി എന്ന പേരാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ നൽകിയിരിക്കുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോൻ എന്ന് വിളിക്കാൻ പറയും.

സർക്കാർ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്. ശേഷം അവരെ നേരിൽ കാണുകയും, അടുത്തിടപഴകുകയും ചെയ്യും. വിവാഹത്തിന് തീയതി നിശ്ചയിച്ചതായി യുവതികളുടെ ബന്ധുക്കളെ അറിയിക്കും. ശേഷം യുവതികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും സ്വർണവും പണവും കവർന്ന ശേഷം ഉപേക്ഷിക്കുകയുമാണ് ഇയാളുടെ രീതി.

നിരവധി സ്ത്രീകളാണ് ഇയാളുടെ കെണിയിൽപ്പെട്ടത്. തൃശൂർ സ്വദേശിനിക്ക് വിവാഹം വാഗ്ദ്ധാനം നൽകി, അവരുടെ പേരിലുള്ള വണ്ടി ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് സ്വദേശിനിയെ ഗുരുവായൂരിൽവച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തൃശൂരിൽ വിളിച്ചുവരുത്തി. അന്ന് ലോഡ്ജിൽവച്ച് പീഡിപ്പിച്ചു. പിറ്റേന്ന് ബസ് സ്റ്റാൻഡിന് സമീപം യുവതിയെ നിർത്തി മുങ്ങുകയായിരുന്നു. ഇതോടെ ഈ സ്ത്രീ പരാതി നൽകി. ഷിനോജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി സ്ത്രീകളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നത്.