parliment

ന്യൂഡൽഹി: ലോക്‌സഭയുടെ ശീതകാല സമ്മേളനം ഇത്തവണ നടക്കുക പുതിയ പാർലമെന്റ് മന്ദിരത്തിലായിരിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല. 'പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ശീതകാല സമ്മേളനം ആരംഭിക്കാനാണ് ഞങ്ങളുടെ ശ്രമം. സ്വാശ്രയ ഇന്ത്യയുടെ ചിത്രം വ്യക്തമാക്കുന്നതാകും പുതിയ പാർലമെന്റ് മന്ദിരം.' ഓം ബിർല പറഞ്ഞു.

സാങ്കേതികമായും സുരക്ഷാക്രമീകരണം അനുസരിച്ചും പഴയ പാർലമെന്റ് മന്ദിരത്തെക്കാൾ വളരെ മുന്നിലാണ് പുതിയ മന്ദിരമെന്ന് സ്‌പീക്കർ പറഞ്ഞു. എന്നാൽ പഴയ മന്ദിരവും പാർലമെന്റിന്റെ ഭാഗമായി തുടരും. എല്ലാവരുടെയും സഹകരണത്തോടെ പാർലമെന്റിന്റെ ഉൽപാദനക്ഷമത വർദ്ധിച്ചതായും അർദ്ധരാത്രി വരെ പാർലമെന്റ് പ്രവർത്തിക്കാറുണ്ടെന്നും സ്‌പീക്കർ അറിയിച്ചു.

പാർലമെന്റ് അച്ചടക്കത്തോടെയും മര്യാദയോടെയും പ്രവർത്തിക്കാൻ എല്ലാ പാർട്ടികളും അവരുടെ നേതാക്കളോട് നിർദ്ദേശിക്കണമെന്നും താൻ പറയാറുണ്ടെന്നും അതിലൂടെ സഭയുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും ഓം ബിർല പറഞ്ഞു.

ഒക്‌ടോബർ മാസത്തോടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന് മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൾ കലാമിന്റെ പേര് നൽകി സമുദായ മൈത്രി തെളിയിക്കണമെന്നാണ് ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത്.