food

ന്യൂഡൽഹി: ഭക്ഷണം വിളമ്പിത്തരാൻ വിസമ്മതിച്ച ഭാര്യയെ നാൽപ്പത്തിയേഴുകാരനെ കൊലപ്പെടുത്തി. ഡൽഹിയിലെ സുൽത്താൻപുരിൽ വ്യാഴാഴ്ചയാണ് സംഭവം. മദ്യ ലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

വിനോദ് കുമാർ എന്നയാളാണ് ഭാര്യ സൊണാലിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതി ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിനുതയ്യാറായില്ല. ഇതോടെ വാക്കുതർക്കമുണ്ടായി.


തർക്കത്തിനിടെ യുവതി ഭർത്താവിന്റെ മുഖത്തടിച്ചു. പ്രകോപിതനായ വിനോദ് ഭാര്യയെ മർദിക്കുകയും തലയണകൊണ്ട് ശ്വാസം മുട്ടിച്ചുകൊല്ലുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് ഭാര്യ കൊല്ലപ്പെട്ടെന്ന് മനസിലായില്ല. തുടർന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് ഭാര്യ കൊല്ലപ്പെട്ടെന്ന് മനസിലായത്. ഇതോടെ വീട്ടിലുണ്ടായിരുന്ന 43,280 രൂപയും ബാഗുമെടുത്ത് ഇയാൾ കടന്നുകളഞ്ഞു. ഡൽഹിയിൽ നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയത്. മദ്യക്കുപ്പികളും രക്തം പുരണ്ട തലയണയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.