car

പത്ത് രൂപയുടെ നാണയത്തുട്ടുകൾക്ക് രാജ്യത്ത് സ്വീകാര്യത കുറവാണ്. പലരും ഈ നാണയങ്ങൾ എങ്ങനെയെങ്കിലും കെെയിൽ നിന്ന് ഒഴിവാക്കണം എന്ന ചിന്തയുള്ളവരാണ്. എന്നാൽ ആരും സ്വീകരിക്കാത്ത, ആർക്കും വേണ്ടാത്ത പത്ത് രൂപയുടെ നാണയത്തുട്ടുകൾ കൊണ്ട് ഒരു പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു അദ്ധ്യാപകൻ.

ധർമപുരിയിലെ ഒരു പ്ലേ സ്കൂൾ അദ്ധ്യാപകനായ വെട്രിവേലാണ് നാണയത്തുട്ടുകൾ സ്വരൂപിച്ച് കാർ വാങ്ങിയത്. രണ്ടു ചാക്ക് നിറയെ നാണയത്തുട്ടുകൾ ഇയാൾ ശേഖരിച്ചു.

തന്റെ സ്കൂളിലെ വിദ്യാർത്ഥികൾ പത്ത് രൂപ നാണയം എറിഞ്ഞു കളിക്കുന്നത് വെട്രിവേൽ കണ്ടതോടെയാണ് നാണയം ശേഖരിക്കുന്നതിന്റെ തുടക്കം. കുട്ടികളുടെ പ്രവർത്തി കണ്ട് അദ്ധ്യാപകൻ രക്ഷിതാക്കളെ വിളിച്ചുവരുത്തി. പത്ത് രൂപ നാണയം ആരും എടുക്കാത്തതുകൊണ്ടാണ് കുട്ടികൾക്കു കളിക്കാൻ നൽകിയതെന്നാണ് ഇവർ പറഞ്ഞത്. പിന്നാലെ ബസിലും കച്ചവട സ്ഥാപനങ്ങളിലും പത്ത് രൂപ നാണയം വെട്രിവേൽ നൽകിയെങ്കിലും ആരും സ്വീകരിച്ചില്ല.

car

ഈ നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന തെറ്റായ പ്രചാരണം മൂലമാണ് ആരും നാണയം സ്വീകരിക്കാത്തതെന്ന് അദ്ധ്യാപകൻ മനസിലാക്കി. ഇതോടെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി വെട്രിവേൽ പത്ത് രൂപ നാണയം ശേഖരിക്കാൻ ആരംഭിച്ചു.

പകരമായി പത്ത് രൂപ നോട്ട് കൊടുത്താണ് വെട്രിവേൽ നാണയങ്ങൾ ശേഖരിച്ചത്. ചിലർ സൗജന്യമായി നാണയം നൽകി. രണ്ട് മാസംകൊണ്ടാണ് ആറു ലക്ഷം രൂപ അദ്ധ്യാപകൻ സ്വരൂപിച്ചത്.

പ്ലേ സ്കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും പഞ്ചായത്ത് അധികൃതരെയും കൂട്ടിയാണ് സേലത്തെ മാരുതി ഷോറൂമിലെത്തി വെട്രിവേൽ കാർ വാങ്ങിയത്. അഞ്ച് മണിക്കൂർകൊണ്ടാണ് ഷോറൂം ജീവനക്കാർ നാണയം എണ്ണിത്തീർത്തത്.

‘ജീവിതത്തിൽ ഒരു രൂപ പോലും വിലപ്പെട്ടതാണെന്നും പത്ത് രൂപ നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന പ്രചാരണം തെറ്റാണെന്നും വെട്രിവേൽ പറഞ്ഞു. പത്ത് രൂപ നാണയത്തിന്റെ അപ്രഖ്യാപിത വിലക്ക് ഇനിയെങ്കിലും തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.