
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ ഇന്നലെ പെട്രോളും ഡീസലും വാങ്ങാനെത്തിയവരുടെ നീണ്ട വരികളിൽ പരക്കെ സംഘർഷം.
കൊളംബോയ്ക്ക് വടക്ക് 365 കിലോമീറ്റർ അകലെയുള്ള വിസുവമധുവിൽ പമ്പിൽ ശനിയാഴ്ച രാത്രി പെട്രോൾ തീർന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഒരു കൂട്ടം ആളുകൾ കല്ലേറ് നടത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യം വെടിയുതിർത്തു. ആക്രമണത്തിനിടെ ആർമിയുടെ വാഹനത്തിന് കേടുപാടുണ്ടായി. 3 സൈനികർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.
രാജ്യത്തേക്ക് ജൂൺ 23ന് പെട്രോളും 24ന് ഡീസലുമെത്തുമെന്ന് ഊർജ മന്ത്രി കാഞ്ചന വിജേശേഖര അറിയിച്ചു. ഇന്ധനമെത്തുന്നത് വരെ അടുത്ത മൂന്ന് - നാല് ദിവസത്തേക്ക് ജനങ്ങൾ പമ്പുകൾക്ക് മുന്നിൽ കാത്തുനിൽക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.