നായയെ പ്രധാന കഥാപാത്രമാക്കി ചാർളി 777 എന്ന സിനിമയെടുത്ത മലയാളി സംവിധായകൻ കിരൺ രാജ് പറയുന്നു
-

കിരൺ രാജ്
രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് .കെ രചനയും സംവിധാനവും നിർവ്വഹിച്ച ബഹുഭാഷാ ചിത്രമാണ് '777 ചാർളി'.മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചാർളി ചാപ്ലിനെയും കൊമേഡിയനും സംവിധായകനുമായ ബെസ്റ്റർ കീറ്റണെയും തന്റെ റോൾ മോഡലാക്കിയ ഈ ചെറുപ്പക്കാരൻ സഹജീവികളെ സ്നേഹിക്കണമെന്ന സന്ദേശം പകരുകയാണ് തന്റെ ആദ്യചിത്രത്തിലൂടെ . മൃഗസംരക്ഷണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല സന്ദേശം നൽകുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങൾ കിരൺ രാജ് കേരള കൗമുദിയോട് പങ്കുവച്ചു:-.
ചാർളി എന്ന നായ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നല്ലോ?
ചാർളി എന്നോടൊപ്പം രണ്ടു രണ്ടര വർഷത്തോളമുണ്ടായിരുന്നു. എന്റെ കൂട്ടുകാരൻ തന്നതാണ്.അത് ഏതൊക്കെ തരത്തിലുള്ള എക്സ്പ്രെഷനുകൾ എപ്പോഴൊക്കെ പ്രകടിപ്പിക്കും എന്നതിനെപ്പറ്റി ഒരു ധാരണ അതുകൊണ്ട് എനിക്ക് കൃത്യമായി പഠിക്കാനും കഴിഞ്ഞു.സിനിമയ്ക്കായി പരിശീലനം നൽകി.ഇഡ്ഡലിയും ചമ്മന്തിയും കഴിപ്പിച്ച് ശീലിച്ചിരുന്നു. ഷൂട്ടിംഗ് ചാർളിയ്ക്ക് രസകരമായ അനുഭവമാണ് നൽകിയതെന്ന് തോന്നുന്നു. കാരണം അവന് ഞങ്ങൾ നല്ല ശ്രദ്ധ കൊടുത്തു. ഏ.സി ഒരുക്കി. ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ ഒരേ ഒരു ഷോട്ട് ആകും അത് നൽകുന്നത്. ചലഞ്ചിംഗ് ആയുള്ള അനുഭവം ആയിരുന്നുവത്. ഈ സിനിമയ്ക്ക് വേണ്ടി ഒരു കോംപ്രമൈസിനും തയ്യാറാവില്ല എന്നൊരു നിശ്ചയം ഞാൻ എടുത്തിരുന്നു. ചാർളിയുടെ എക്സ്പ്രഷൻ നന്നായി കിട്ടണം എന്നുള്ളതുകൊണ്ട് ഷൂട്ടിംഗ് പോലും ദിവസങ്ങളോളം നീണ്ടു . 80 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തത്. പക്ഷേ സിനിമ തീർന്നപ്പോൾ 157 ദിവസമായി. അതിന്റെ റിസൾട്ട് കിട്ടിയെന്നും കരുതുന്നു.
അനിമൽ വെൽഫെയർ ബോർഡിന്റെ നടപടികൾ എങ്ങനെയായിരുന്നു?
ഷൂട്ടിംഗിനു മുമ്പ് തന്നെ നമ്മൾ അവരുടെ അനുമതി വാങ്ങണം. അവർ പറയുന്ന നിയമങ്ങൾ അനുസരിച്ച് ആകണം ഷൂട്ടിംഗ്. ഇടയ്ക്കിടെ നമ്മൾ ഉൾപ്പെടുത്തിയ ജീവികളുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ അവരെ അറിയിക്കണം. ചിത്രം പൂർത്തിയാകുമ്പോൾ അവരെ ഒരിക്കൽ കൂടി കാണിച്ച് അവരുടെ അനുമതി വാങ്ങണം. ഇവയെല്ലാം കൃത്യമായി പാലിച്ചതു കൊണ്ട് അനിമൽ വെൽഫെയർ ബോർഡിന്റെ ഒരു തരത്തിലുള്ള ഇടപെടലുകളും തടസ്സങ്ങളും ഈ സിനിമയ്ക്ക് ഉണ്ടായില്ല.
പ്രേക്ഷക പ്രതികരണം?
ആദ്യ രണ്ടു ദിവസത്തിനകം തന്നെ എല്ലായിടത്തുനിന്നും വളരെ പോസിറ്റീവ് റിവ്യൂകളാണ് കിട്ടിയത്. സിനിമ കണ്ട് ഒരുപാട് പേർ ചാർളിയെ ഇഷ്ടപ്പെട്ടുവെന്നും, അവന്റെ പ്രകടനം നന്നായി മനസ്സിൽ തറഞ്ഞുവെന്നും പറഞ്ഞു വിളിച്ചു. പലർക്കും ഇമോഷണൽ ആയി ചാർളിയെ ഫീൽ ചെയ്യാൻ പറ്റി എന്ന തരത്തിലാണ് ഇപ്പോഴും വിളിച്ചു പറയുന്നതും. എന്നെ സംബന്ധിച്ച് അത് വലിയൊരു പ്രോത്സാഹനമാണ്. ഒരുപാട് സന്തോഷവുമുണ്ട്.
777 ചാർളി'യെപ്പറ്റി ?
അഞ്ചു വർഷം മുൻപാണ് ഈ സിനിമയുടെ സ്ക്രിപ്റ്റിംഗ് വർക്കുകൾ തുടങ്ങിയത്. ഒന്നരവർഷത്തോളം അതിനു വേണ്ടിയുള്ള പഠനങ്ങളും ഒരുക്കങ്ങളും നടത്തി. സ്ക്രിപ്റ്റ് തയ്യാറാക്കിയതിനു പിന്നാലെ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടന്നു. സിനിമകളെല്ലാം ഒ. ടി .ടി യിലേക്ക് പോകുന്ന ഒരു പ്രവണത വന്നപ്പോൾ ഞാനും ഷെട്ടി സാറും ഒന്നു ഭയന്നു. വളരെ വിശദമായി പഠിച്ചും, ടെക്നിക്കലി വളരെ എഫോർട്ട് എടുത്തും ചെയ്ത ഈ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റുമോ, എന്ന സംശയം തോന്നി. തിയേറ്റർ എപ്പോൾ തുറക്കും എന്നൊന്നും അറിയാനും കഴിയുന്നില്ല. അതുവരെ കാത്തിരിക്കണോ അതോ ഒ. ടി .ടി യ്ക്ക് നൽകണോ എന്നുള്ള സംശയം രക്ഷിത് ഷെട്ടി സാർ എന്നോട് പങ്കുവച്ചു. പക്ഷേ സിനിമ മുഴുവൻ എഡിറ്റിഗും പൂർത്തിയാക്കി, അദ്ദേഹമിതു കണ്ടതിനുശേഷം ഈ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് പറയുകയായിരുന്നു. അതിനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും, ഈ സിനിമയ്ക്ക് ഉറപ്പായും നല്ല റസ്പോൺസ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വിജയമാകുമെന്നത് അദ്ദേഹത്തിന് 100% വിശ്വാസമുണ്ടായിരുന്നു.

'ബെസ്റ്റർ കീറ്റണെയും' 'ചാർലി ചാപ്ലിനേയും' സിനിമയിൽ കാണാൻ കഴിഞ്ഞു?.
സന്തോഷം. രണ്ടു പേരെയും ഞാനൊരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ആരാധിക്കുന്നുണ്ട്. സിനിമയിലുടനീളം ചാപ്ലിന്റെ ഓർമ്മകൾ കൊണ്ടുവരാൻ ശ്രമിച്ചു. ചാപ്ലിൻസ്റ്റിക്ക് ക്ലൈമാക്സിൽ ഉൾപ്പെടുത്തിയതും ചാപ്ലിൻ സിനിമ കാണിക്കുന്നതുമെല്ലാം അതുകൊണ്ടാണ്. അതൊക്കെ അവരെ പോലെ ഇത്രയും ആരാധിക്കപെടുന്ന രണ്ടു പ്രതിഭകൾക്കുള്ള ആദരം കൂടിയാണ്.
സിനിമാ സംവിധായകൻ ആവാനുള്ള എന്റെ ഇൻസ്പിറേഷൻ ചാപ്ലിനും കീറ്റണുമാണ്. അവർ രണ്ടുപേരുടെയും സിനിമകളിലൂടെയാണ് 'സംഭാഷണത്തെക്കാൾ ചിത്രങ്ങളാണ് കഥ പറയുന്നതെന്ന' കാര്യം ഞാൻ പഠിച്ചത്
രക്ഷിത് ഷെട്ടി ആണല്ലോ ഈ സിനിമയിലെ നായകനും നിർമ്മാതാവും?
വളരെ കൂൾ ആയ നല്ലൊരു മനുഷ്യനാണ് രക്ഷിത് ഷെട്ടി. ലോക്ക് ഡൗൺ വന്നപ്പോൾ അദ്ദേഹം തന്ന സപ്പോർട്ട് കൊണ്ടു മാത്രമാണ് ഈ സിനിമയ്ക്ക് ഒരു വൈഡ് റിലീസ് സാധ്യമായത്.
മലയാളം ഉൾപ്പെടെയുള്ള അഞ്ചു ഭാഷകളിൽ?
യൂണിവേഴ്സൽ വിഷയമായതുകൊണ്ട് എല്ലായിടത്തും ഒരേ അനുഭവമാണ് കൊടുക്കുക എന്ന ചിന്തയിൽ നിന്നുമാണ് അഞ്ച് ഭാഷകളിലിത് ഇറക്കണം എന്ന് ഞങ്ങൾ ചിന്തിച്ചത്.
അടുത്ത സിനിമ?
നന്നായി പഠിച്ചതിനു ശേഷമാണ് ഓരോ പടവും ഞാൻ ചെയ്യുന്നത്. അതുകൊണ്ട് ഇനി അഞ്ചുവർഷത്തേക്ക് ഒരു ഗ്യാപ്പ് എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.