
ഇന്ധന വില ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് വാഹനഉടമകൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന കാര്യം എങ്ങനെ മൈലേജ് ഉയർത്താമെന്നായിരിക്കും. അതിനു വേണ്ടി എൻജിൻ ട്യൂൺ ചെയ്ത് വാഹനത്തിന്റെ പവർ കുറയ്ക്കുന്ന ചില വിരുതന്മാർ വരെയുണ്ട്. എന്നാൽ വാസ്തവത്തിൽ വാഹനം ഓടിക്കുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉയർന്ന മൈലേജ് വാഹനത്തിൽ നിന്നും ലഭിക്കുമെന്നതാണ് യാഥാർത്ഥ്യം. അവ എന്തൊക്കെയെന്ന് നോക്കാം.
വാഹനം ഉയർന്ന സ്പീഡിൽ ഓടിച്ചാൽ മൈലേജ് കുറയുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ഉയർന്ന വേഗതയല്ല മറിച്ച് പെട്ടെന്ന് ആക്സിലറേറ്റ് ചെയ്യുന്നതാണ് മൈലേജ് കുറയാൻ കാരണം. സമയം എടുത്ത് സാവകാശം വണ്ടിയുടെ വേഗത ഉയർത്തിയാൽ ഈ പറയുന്നതു പോലുള്ള മൈലേജ് നഷ്ടം സംഭവിക്കില്ല. എന്നാൽ പലരും വാഹനം എടുക്കുമ്പോൾ തന്നെ ഉയർന്ന ത്രോട്ടിൽ കൊടുക്കാൻ ശ്രമിക്കുന്നതാണ് മൈലേജ് കുറയാനുള്ള ഏറ്റവും വലിയ കാരണം.
വാഹനം ഓടിക്കുമ്പോൾ റോഡിനെ കുറിച്ച് ഒരു ധാരണയുണ്ടായിരിക്കുന്നത് നല്ലതാണ്. മുമ്പിൽ വലിയൊരു വളവ് വരുന്നുണ്ടെങ്കിൽ കുറച്ചു ദൂരെ നിന്നു തന്നെ ത്രോട്ടിൽ കുറച്ച് വാഹനത്തിന്റെ വേഗത കുറച്ചാൽ വളവിലെത്തിയിട്ട് ബ്രേക്ക് ചവിട്ടുന്നതും അതുവഴി ഇന്ധനനഷ്ടവും ഒഴിവാക്കാൻ സാധിക്കും. ഇങ്ങനെചെയ്യുമ്പോൾ നിങ്ങൾ നേരത്തെ ത്രോട്ടിൽ ചെയ്യാൻ ഉപയോഗിച്ച മുഴുവൻ ഇന്ധനവും ഉപയോഗിച്ച് തീർക്കുന്നുണ്ട്. എന്നാൽ വളവിന് അടുത്ത് എത്തി പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ഒരു പക്ഷേ ഒന്നോ രണ്ടോ കിലോമീറ്റർ കൂടി യാത്ര ചെയ്യാൻ സാധിക്കുന്ന ഇന്ധനം വെറുതെ പാഴാക്കി കളയുകയാണ് ചെയ്യുന്നത്.
ട്രാഫിക്ക് സിഗ്നലിൽ എൻജിൻ ഓഫാക്കി ഇടുകയെന്നത് പലരും ചെയ്യാറില്ലെങ്കിലും ഇതും ഇന്ധനം ലാഭിക്കാനുള്ള ഒരു മാർഗം തന്നെയാണ്. എന്നാൽ കുറഞ്ഞത് 10 സെക്കൻഡ് എങ്കിലും കൂടുതൽ നേരം എൻജിൻ ഓഫാക്കി ഇടേണ്ടി വരും എന്നുണ്ടെങ്കിൽ മാത്രം ഇങ്ങനെ ചെയ്യുന്നതാണ് ഉത്തമം. അതല്ല, എൻജിൻ ഓഫാക്കി അല്പസമയത്തിനുള്ളിൽ തന്നെ വീണ്ടും ഓണാക്കേണ്ടി വന്നാൽ അത് അധികം ഇന്ധനനഷ്ടത്തിലേക്ക് വഴിവച്ചേക്കാം. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ഇന്ധനം എൻജിൻ എടുക്കുന്നു എന്നതാണ് ഇതിന് കാരണം.

വാഹനത്തിന്റെ സർവീസ് കൃത്യമായ ഇടവേളകളിൽ നടത്തുകയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പലരും ഇത് ചെയ്യാറില്ല എന്നതാണ് വാസ്തവം. എന്നാൽ മൈലേജുമായി ഇതിന് വലിയ ബന്ധമുണ്ട്. പലരും കാറിന് മുകളിൽ ലഗേജ് വയ്ക്കുന്നതിന് ഒരു കാരിയർ വയ്ക്കാറുണ്ട്. യഥാർത്ഥത്തിൽ വാഹനത്തിന്റെ എയ്റോഡൈനാമിക് സവിശേഷതയെ പ്രതികൂലമായി ബാധിക്കുന്ന ഒരു ശീലമാണിത്. കഴിവതും ഇത്തരം പ്രവൃത്തികൾ ഒഴിവാക്കുക.
മൈലേജിനെ ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ പലരും മറക്കുന്ന ഒരു വസ്തുതയാണ് ടയറിലെ വായുമർദ്ദം. ടയറിൽ എയർ പ്രഷർ കുറവാണെങ്കിൽ റോഡുമായുള്ള ടയറിന്റെ ഫ്രിക്ഷനെ പ്രതികൂലമായി ബാധിക്കുകയും എൻജിന് പതിവിലും കൂടുതലായി പണിയെടുക്കേണ്ടിയും വരും. ഇത് മൈലേജ് കുറയാനും കാരണമാകും.